കൊല്ലം: ചാന്ദ്രദിനത്തിന്റെ 55-ാം വാർഷികത്തിൽ "ചന്ദ്രോത്സവം-2k24" എന്ന പരിപാടിയിൽ ചന്ദ്രയാൻ മൂന്നിനെ വഹിച്ച എൽ.വി.എം-3 മാർക്ക്-4 എന്ന റോക്കറ്റിന്റെ പുനരാവിഷ്കരണത്തോടെ ഗവ. ടി.ടി.ഐയിലെ ചാന്ദ്രദിനം ചന്ദ്രോത്സവത്തിന് ഉജ്ജ്വല തുടക്കം. 55 വർഷങ്ങൾക്കിടയിൽ നടന്ന ചാന്ദ്ര ദൗത്യത്തിന്റെ വിവിധ ചിത്രങ്ങൾ, പോസ്റ്ററുകൾ, രൂപങ്ങൾ എന്നിവയുടെ പ്രദർശനവും നടന്നു. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ചിത്രപ്രദർശനം, ഡോക്യുമെന്ററി പ്രദർശനം, ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികളാണ് നടക്കുന്നത്. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, ചാന്ദ്ര യാത്രയുടെ പ്രസക്തി എന്നിവ കുഞ്ഞുപ്രായത്തിൽ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് ദിനാചരണം ലക്ഷ്യം വയ്ക്കുന്നത്. അദ്ധ്യാപകൻ പി.കെ.ഷാജി സന്ദേശം നൽകി. പരിപാടിക്ക് അദ്ധ്യാപകരായ ജി.ലെനോ, എസ്.ധനലക്ഷ്മി, എൻ.ആർ.ജീന, പൊന്നമ്മാൾ എന്നിവർ നേതൃത്വം നൽകി.