കൊല്ലം: കണ്ണനല്ലൂർ - കുണ്ടറ സംസ്ഥാന പാതയിലെ കണ്ണനല്ലൂർ എസ്.ബി.ഐ ബാങ്കിന് മുന്നിലെ അര കിലോമീറ്ററോളം റോഡ് തകർന്ന് തരിപ്പണമായി. റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് നാളുകളായെങ്കിലും അധികൃതർ കണ്ണടയ്ക്കുകയാണ്.
ആയിരക്കണക്കിന് യാത്രക്കാർ ദിവസവും യാത്ര ചെയ്യുന്ന റോഡിനാണ് ഈ ദുർഗതി. കണ്ണനല്ലൂർ മുതൽ വടക്കേമുക്ക് വരെയാണ് റോഡ് തകന്നുകിടക്കുന്നത്. ടാറിംഗ് പൊളിഞ്ഞ് വീതിയേറിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. മഴ തുടങ്ങിയതോടെ കുഴികളുടെ ആഴവും വർദ്ധിച്ചു.
ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. കുഴിയിൽ വീഴാതിരിക്കാൻ വെട്ടിക്കുമ്പോൾ അടുത്ത കുഴിയിൽ വീണാണ് അപകടത്തിൽപ്പെടുന്നത്. മറ്റ് വാഹനങ്ങൾ തട്ടിയും അപകടങ്ങൾ സംഭവിക്കുന്നുണ്ട്.
ചെറിയ മഴ പെയ്താൽ പോലും നടപ്പാത വെള്ളത്തിൽ മുങ്ങും. വെള്ളം ഒലിച്ച് പോകാനുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല. റോഡിന്റെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കണ്ണനല്ലൂർ - കുണ്ടറ റോഡ് നന്നാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.
ഫൈസൽ കുളപ്പാടം
ഡി.സി.സി ജനറൽ സെക്രട്ടറി
പ്രതിഷേധവുമായി കോൺഗ്രസ്
റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് കണ്ണനല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു. തൃക്കോവട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കണ്ണനല്ലൂർ എ.എൽ.നിസാമുദ്ദീൻ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് സുധീർ ചേരികോണം, മുഖത്തല ഗോപിനാഥൻ, എ.എം.ഷമീർഖാൻ, പേരയം വിനോദ്, ഷമീർ സിമ്പിൾ, ശിഹാബുദ്ദീൻ, എച്ച്.എം.ഷെരീഫ്, ഷാജഹാൻ, അർജുനൻ, നിസാം പേരയം, ഷാനവാസ്, ഷഫീക് ലാൽ, കരീം എന്നിവർ പങ്കെടുത്തു.