ശാസ്താംകോട്ട: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശാസ്താംകോട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന ടോയ്ലറ്റ് കോംപ്ലക്സി​നെതി​രെ പ്രതി​ഷേധം. സ്കൂളിന്റെ പ്രവേശന കവാടത്തോട് ചേർന്ന് ടോയ്ലറ്റ് കോംപ്ലക്സിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ ശിലാസ്ഥാപനം നിർവ്വഹിച്ചതോടെയാണ് പ്രതിഷേധത്തിന് തുടക്കമായത്.

കവാടത്തിൽ ടോയ്ലറ്റ് കോംപ്ലക്സ് നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ മുമ്പും പ്രതിഷേധമുയർന്നിരുന്നു. ഇതു മറികടന്ന് തിടുക്കത്തിൽ ശിലാസ്ഥാപനം നടത്തിയതോടെയാണ് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ തുണ്ടിൽ നൗഷാദിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ടോയ്ലറ്റിനായി കണ്ടെത്തിയ സ്ഥലത്ത് നിർമ്മാണത്തിനായി സ്ഥാപിച്ച കുറ്റികൾ പ്രതിഷേധക്കാർ നീക്കം ചെയ്തു. ആധുനിക സൗകര്യങ്ങളോടെ വിശ്രമമുറിയും മേക്കപ്പ് മുറിയും ഉൾപ്പടെയുള്ള സ്ത്രീ സൗഹൃദ ടോയ്ലറ്റ് കോംപ്ലക്സ് 30 ലക്ഷം രൂപ ചെലവിട്ടാണ് നിർമ്മിക്കുന്നത്. ജില്ലയിലെ 15 സർക്കർ വിദ്യാലയങ്ങളിൽ പദ്ധതി നടപ്പാക്കി. സ്കൂളിന്റെ വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ടോയ്ലറ്റ് കോംപ്ലക്സ് നിർമ്മാണം ആരംഭിച്ചതെന്നും മറി​ച്ചുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്നും പി.കെ. ഗോപൻ പറഞ്ഞു.