പുനലൂർ: പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന ഓർഡനറി ബസ് കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തെന്മല പഞ്ചായത്തിലെ ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ ജംഗ്ഷന് സമീപത്തെ ആര്യഭവനിൽ ബിനീഷ് കുമാറിനെയാണ് (23) പിടികൂടിയത്.
വ്യാഴാഴ്ച രാത്രി 11.30ഓടെ ഡിപ്പോയ്ക്ക് സമീപത്ത് കൂടി കടന്നുപോകുന്ന ദേശീയപാതയോരത്ത് പർക്ക് ചെയ്തിരുന്ന ഓർഡനറി ബസാണ് യുവാവ് ഓടിച്ച് കൊണ്ടുപോകാൻ ശ്രമിച്ചത്. ദേശീയപാതയോരത്ത് നിന്ന് ടൗണിലെ വലിയ പാലവും കടന്ന് ബസ് സമാന്തര പാതയായ ഐക്കരക്കോണം റോഡിലേക്ക് തിരിഞ്ഞു. ഇത് കണ്ട് സംശയം തോന്നിയ ഹൈവേ പൊലീസ് ബസ് പിന്തുടർന്ന ശേഷം ബിനീഷ് കുമാറിനെ പിടികൂടുകയായിരുന്നു. തുടർന്ന് പുനലൂർ പൊലീസിന് കൈമാറിയ ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ വീട്ടിൽ പോകൻ വേണ്ടിയാണ് ബസ് എടുത്തതെന്ന് യുവാവ് പറഞ്ഞു. ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.