കൊല്ലം: പൊതുവിദ്യാഭ്യാസ വകുപ്പ് ആഗസ്റ്റ് 5ന് കൊല്ലം സെന്റ് അലോഷ്യസ് എച്ച്.എസിൽ വച്ച് മേഖലാ ഫയൽ അദാലത്ത് നടത്തും. കൊല്ലം, തിരുവനന്തപരം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്ന് പൊതു വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് 2023 ഡിസംബർ 31 വരെ ആരംഭിച്ചതും തീർപ്പാക്കാതെ അവശേഷിക്കുന്നതുമായ അദ്ധ്യാപക നിയമന അംഗീകാരം, ഭിന്നശേഷി സംവരണം, പെൻഷൻ, വിജിലൻസ് തുടങ്ങിയ വിവിധ വിഷയങ്ങളുൾപ്പെട്ട ഫയലുകളിന്മേലുള്ള പരാതികൾ, അപേക്ഷകൾ എന്നിവയാണ് പരിഗണിക്കുന്നത്. വിദ്യാഭ്യാസ വകുപ്പു മന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. പരാതികൾ ഇന്നും കൂടി സ്വീകരിക്കും. 23ന് ഫയൽ അദാലത്തുമായി ബന്ധപ്പെട്ട ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാരുടെയും അദ്ധ്യാപക അനദ്ധ്യാപക സംഘടനാ പ്രതിനിധികളുടെയും റിവ്യൂ മീറ്റിംഗ് കൊല്ലം സെന്റ് അലോഷ്യസ് എച്ച്.എസിൽ വച്ച് നടക്കും.