പുനലൂർ: മഴ ശക്തമായതിനാൽ തെന്മല പരപ്പാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും അഞ്ച് സെന്റി മീറ്റർ വീതം ഉയർത്തി വെള്ളം കല്ലടയറ്റിലേക്ക് ഒഴുക്കി. പദ്ധതി പ്രദേശത്തെ ജലനിരപ്പ് ക്രമീകരിക്കാനാണ് മൂന്ന് ഷട്ടറുകളും ഇന്നലെ 11 മണിയോടെ ഉയർത്തി വെള്ളം ഒഴുക്കിയത്.
തുടർന്നുള്ള ദിവസങ്ങളിൽ മൂന്ന് ഷട്ടറുകളും ഘട്ടം ഘട്ടമായി ഉയർത്തുമെന്ന് കെ.ഐ.പി അസി. എൻജിനിയർ പറഞ്ഞു. 115.72 മീറ്റർ സംഭരണ ശേഷിയുളള അണക്കെട്ടിൽ ഇന്നലെ 107.58 മീറ്റർ ജല നിരപ്പാണ് രേഖപ്പെടുത്തിയത്. അണക്കെട്ടിൽ ജല നിരപ്പ് ഉയർന്നതോടെ സമീപത്തെ പവർഹൗസിലെ രണ്ട് ജനറേറ്ററുകൾ വഴിയുള്ള വൈദ്യതി ഉത്പാദം വ്യഴാഴ്ച മുതൽ പൂർണതോതിലാക്കി. മഴയുടെ ലഭ്യത കുറഞ്ഞത് കാരണം ബുധനാഴ്ച വരെ ഒരു ജനറേറ്ററുവഴി നേരിയ തോതിൽ മാത്രമായിരുന്നു വൈദ്യുതി ഉൽപ്പാദിപ്പിച്ചത്. മറ്റൊരു ജനറേറ്ററിന്റെ പ്രവർത്തം നിറുത്തിവച്ചിരുന്നു. എന്നാൽ കാലവർഷം ശക്തമാതോടെ വൃഷ്ടി പ്രദേശങ്ങളോട് ചേർന്ന വന മേഖലകളിൽ നിന്നുള്ള നീരോഴുക്കും വർദ്ധിച്ചു. ഇതാണ് പദ്ധതി പ്രദേശങ്ങളിൽ ജല നിരപ്പ് ക്രമാതീതമായി വർദ്ധിക്കാനും വൈദ്യുതി ഉത്പാദനം പൂർണതോതിലാക്കാനും മുഖ്യ കാരണം. ഇതിനൊപ്പം അണക്കെട്ടിന്റെ പോഷക നദികളായ ശെന്തുരുണി, കുളത്തൂപ്പുഴ, കഴുതുരുട്ടി ആറുകളിലെ ജല നിരപ്പും ഗണ്യമായി വർദ്ധിച്ചു. ശക്തമായ മഴയെ തുടർന്ന് സമീപത്തെ പലരുവി ജല പാതവും താത്കാലികമായി അടച്ചിരിക്കുകയാണ്. രണ്ട് ആഴ്ചയായി കിഴക്കൻ മലയോര മേഖലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. ഇന്നലെ മഴ കുറഞ്ഞെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് അധികൃതർ പറയുന്നത്. അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതോടെ കല്ലട ആറ്റുതീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.