walk

 വിളക്കുകൾ

തെളിഞ്ഞത്

ഒരുവശത്ത്

കൊല്ലം: യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമായി ചിന്നക്കട മേൽപ്പാലത്തിലെ ഒരുവശത്തെ വൈദ്യുതി വിളക്കുകൾ വീണ്ടും പ്രകാശിച്ച് തുടങ്ങി. രണ്ടുദിവസം മുമ്പാണ് അധികൃതരെത്തി ലൈറ്റുകൾ നന്നാക്കിയത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന് അടുത്തുനിന്ന് ചിന്നക്കടയിലേക്ക് പോകുമ്പോൾ ഇടതുവശത്തുള്ള ലൈറ്റുകളാണ് നന്നാക്കിയത്.

ചിന്നക്കട മേൽപ്പാലത്തിലെ വൈദ്യുതി വിളക്കുകൾ പ്രകാശിക്കാത്തതിനെ കുറിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി. കേബിളുകളുടെ പ്രശ്നം മൂലമാണ് ലൈറ്റ് തെളിയാതിരുന്നത്. ഇരുചക്ര വാഹന യാത്രക്കാരും കാൽനട യാത്രക്കാർക്കും ഇരുട്ടിലൂടെയുള്ള യാത്ര ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ഒരുവശത്ത് വിളക്ക് തെളിഞ്ഞത് പകുതി ആശ്വാസമായി. മറുവശത്തെ കൂടി നന്നാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വിളക്കുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത് കോർപ്പറേഷൻ ചുമതലപ്പെടുത്തിയ കരാറുകാരാണ്.

നടപ്പ് കുഴിയിലാക്കും നടപ്പാത

മേൽപ്പാലത്തിലെ നടപ്പാതയിൽ പലഭാഗത്തും ഇന്റർലോക്ക് ഇളകിമാറി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് ചിന്നക്കടയിലേക്ക് വരുമ്പോൾ ഇടത് ഭാഗത്തുള്ള നടപ്പാതയിലാണ് കുഴികൾ. പലപ്പോഴും കുഴികൾ പെട്ടെന്ന് ശ്രദ്ധയിൽപെടാറില്ല. രണ്ടുപേർ ഒരുമിച്ച് നടന്നാൽ കുഴിയിൽ വീഴും. നടപ്പാതയിലെ ഭിത്തികളിലെ സിമന്റ് പാളികൾ ഇളകി കമ്പികൾ പുറത്തുവന്ന നിലയിലാണ്. കൈവരികൾ ഭൂരിഭാഗവും തകർന്നു.

പാലത്തിന്റെ ഒരുവശത്തെ വിളക്കുകൾ മാത്രമാണ് വീണ്ടും പ്രകാശിച്ചത്. മറുവശത്തെ ലൈറ്റുകളും പ്രകാശിപ്പിക്കാൻ കോർപ്പറേഷൻ നടപടി സ്വീകരിക്കണം.

വിദ്യ രാജ്

യാത്രക്കാരി