പടിഞ്ഞാറെകല്ലട: പഞ്ചായത്തിൽ രാപ്പകൽ ഭേദമന്യേ ഉണ്ടാകുന്ന വൈദ്യുതി മുടക്കം വല്ലാത്ത തലവേദനയാവുന്നു. രണ്ടും മൂന്നും ദിവസം വരെ വൈദ്യുതി മുടങ്ങിയ സാഹചര്യമുണ്ടായിട്ടുണ്ട്.

പഞ്ചായത്തിലെ മിക്കയിടത്തും റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങൾ കാറ്റിലും മഴയിലും കടപുഴകി വൈദ്യുതി ലൈനിലേക്ക് വീഴുന്നത് പതിവാണ്. പോസ്റ്റുകൾ ഒടിഞ്ഞും കമ്പി പൊട്ടിവീണുമാണ് വൈദ്യുതി മുടങ്ങുന്നത്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ വൈദ്യുതി ലൈനിനോട് ചേർന്ന് അപകടകരമായ നിലയിൽ നിൽക്കുന്ന വൃക്ഷങ്ങൾ മുറിച്ചുമാറ്റുന്നതിന് കെ.എസ്.ഇ.ബി അധികൃതർ തയ്യാറാവുന്നില്ലെന്ന് ആക്ഷേപമുണ്ട്. സ്ഥല പരിശോധന നടത്തി മുൻകരുതൽ നടപടികൾ സ്വീകരിച്ചാൽ ഒരു പരിധിവരെ നിരന്തര വൈദ്യുതി മുടക്കത്തിന് പരിഹാരമുണ്ടാക്കാൻ കഴിയും.

ഓൺലൈനായി പഠിക്കുന്ന വിദ്യാർത്ഥികൾ, ഉദ്യോഗാർത്ഥികൾ, വ്യവസായ സ്ഥാപനങ്ങൾ, മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രികൾ ഹോട്ടലുകൾ, മത്സ്യ കർഷകർ തുടങ്ങി എല്ലാ വിഭാഗത്തെയും വൈദ്യുതി മുടക്കം സാരമായി ബാധിക്കുന്നുണ്ട്. റഫ്രിജറേറ്ററുകൾ പ്രവർത്തിക്കാത്തതിനാൽ വ്യാപാര സ്ഥാപനങ്ങൾക്കുണ്ടാവുന്ന സാമ്പത്തിക നഷ്ടവും ചെറുതല്ല. വൈദ്യുതി തടസത്തിൽ പ്രതിഷേധിച്ച് പടിഞ്ഞാറേക ല്ലട വ്യാപാരി വ്യവസായി ഏകോപന സമിതി, കല്ലട സൗഹൃദം കൂട്ടായ്മ, വിവിധ രാഷ്ട്രീയ സംഘടനകൾ എന്നിവർ ആഴ്ചകൾക്കു മുമ്പ് ശാസ്താംകോട്ട കെ.എസ്.ഇ.ബി ഓഫീസ് പടിക്കൽ സമരം നടത്തിയിരുന്നു. അടിയന്തര പരിഹാരം കണ്ടെത്തുമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

ഏകദേശം 200ൽ അധികം കുടുംബങ്ങളിൽനിന്നുള്ള ആൾക്കാർ എന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് ആഴ്ചയിൽ ആറു ദിവസം തൊഴിൽ ലഭിച്ചിരുന്ന സ്ഥാനത്ത്, വൈദ്യുതി മുടക്കം മൂലം ഇപ്പോൾ മൂന്നു ദിവസം പോലും തൊഴിലില്ലാത്ത അവസ്ഥയാണ്. മിക്ക കുടുംബങ്ങളും വൻ സാമ്പത്തിക ബുദ്ധിമുട്ടും പ്രയാസങ്ങളും അനുഭവിക്കുകയാണ്. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം

ജോൺസൺ ജോർജ്, എ.എം കാഷ്യൂസ് ഉടമ, പടി.കല്ലട

.....................................

പൊതുജന പങ്കാളിത്തത്തോടെ ഏതാനും ആഴ്ച മുമ്പ് കല്ലട സൗഹൃദം കൂട്ടായ്മ ശാസ്താംകോട്ട കെ.എസ്.ഇ.ബി ഓഫീസ് പടിക്കൽ പ്രതിഷേധ സമരം നടത്തിയിരുന്നു. വൈദ്യുതി തടസം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അധികൃതർ അന്ന് ഉറപ്പു നൽകിയതാണ്. എന്നാൽ ആഴ്ചകൾ പലതു കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പൊതുജനങ്ങളുടെ ബുദ്ധിമുട്ടിന് ശാശ്വത പരിഹാരം കാണണം

ഉമ്മൻ രാജു, സെക്രട്ടറി, കല്ലട സൗഹൃദം കൂട്ടായ്മ