കരുനാഗപ്പള്ളി: പള്ളിമുക്ക്- കനോസ കോൺവെന്റ്- കണ്ഠകർണ്ണൻകാവ്- കിണറുമുക്ക്- മഠത്തിൽകാവ് വഴി വാഴക്കൂട്ടത്തിൽ കടവിൽ അവസാനിക്കുന്ന റോഡ് ദുരിതപാതയായി അഞ്ച് വർഷം പിന്നിട്ടിട്ടും നടപടിയില്ല. ദേശീയപാതയിൽ നിന്ന് തീരദേശ മേഖലയിലേക്ക് തിരിയുന്ന, കരുനാഗപ്പള്ളി നഗരസഭയുടെയും കുലശേഖരപുരം പഞ്ചായത്തിന്റെയും അതിർത്തിയിൽ നിന്ന് ആരംഭിക്കുന്ന റോഡാണിത്.
നഗരസഭയുടെ 12, 13 ഡിവിഷനുകളും പഞ്ചായത്തിന്റെ 14, 15 വാർഡുകളും കടന്നു പോകുന്ന് റോഡിന് ഫണ്ടുകൾ പല തവണ ലഭിച്ചെങ്കിലും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പിടിപ്പുകേടു കാരണം നടപടി ഉണ്ടാവുന്നില്ല. പൊട്ടിപ്പൊളിഞ്ഞ് നാമാവശേഷമായ റോഡ് ഉന്നത നിലവാരത്തിൽ നവീകരിക്കണമെങ്കിൽ പഞ്ചായത്ത് ഫണ്ട് മതിയാകില്ല എന്ന തിരിച്ചറിവിലാണ് കഴിഞ്ഞ സാമ്പത്തിക വർഷം സി.ആർ. മഹേഷ് എം.എൽഎ യുടെ ഫണ്ടിൽ നിന്ന് 20 ലക്ഷം അനുവദിച്ചത്. പണി ആരംഭിച്ചാൽ ഈ സാമ്പത്തിക വർഷത്തെ ഫണ്ടിൽ നിന്ന് 20 ലക്ഷം കൂടി എം.എൽ.എ ഉറപ്പ് നൽകിയിരുന്നു.
അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മാണം തുടങ്ങുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നില്ല. വാഹനത്തിരക്ക് ഏറെയുള്ള റോഡിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. രണ്ട് ആരാധനാലയവും ഒരു സ്‌കൂളുമുള്ള ഈ റൂട്ടിലൂടെ മറ്റ് നിരവധി സ്‌കൂൾ ബസുകൾ കടന്നുപോകുന്നുണ്ട്. റോഡിന്റെ തകർച്ചയെ തുടർന്ന് സമീപത്തെ സ്‌കൂളിലേക്ക് കുട്ടികളെ അയയ്ക്കാത്ത സാഹചര്യവുമുണ്ടെന്ന് നാട്ടുകാർ പറയുന്നു.
നേരത്തെ ഫിഷറീസ് അനുവദിച്ച 85 ലക്ഷം വിനിയോഗിക്കാത്തതിനാൽ തുക നഷ്‌ടമായി. നാല് കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് 40 ലക്ഷമുപയോഗിച്ച് പകുതി മാത്രമേ പൂർത്തിയാക്കാനാകു. നാലര മീറ്റർ മാത്രം വീതിയുള്ള റോഡിന് കേന്ദ്ര ഫണ്ട് ലഭിക്കില്ല. സുനാമി, ഫ്ലഡ് ഫണ്ടുകൾ കൂടി ചേർന്നാൽ റോഡ് സഞ്ചാരയോഗ്യമാക്കാനാകും
ബാബുജി തയ്യിൽ
പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം 2937-ാം നമ്പർ ശാഖ,
പുന്നകുളം
................................
എം.എൽ.എ ഫണ്ട് നിലവിൽ കരുനാഗപ്പള്ളി നഗരസഭയുടെ ആസ്‌തിയിലാണുള്ളത്. തിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ വർക്ക് ടെണ്ടർ ചെയ്യുന്നതിന് കാലതാമസമുണ്ടായി. റോഡിന്റെ ഉടമസ്ഥാവകാശം പഞ്ചായത്ത് നേരത്തെ നഗരസഭയ്ക്ക് കൈമാറിയിരുന്നു
കെ.സ്‌നേഹലത,
14-ാം വാർഡ് മെമ്പർ.