ഏരൂർ: പത്തടി വൈദ്യഗിരി എസ്‌റ്റേറ്റിലെ നിർദിഷ്‌ട ഖരമാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിൽ ആയിരങ്ങൾ പങ്കെടുത്തു. ഇന്നലെ രാവിലെ എസ്‌റ്റേറ്റ് കവാടത്തിൽ നിന്നാരംഭിച്ച മാർച്ച് ഏരൂർ വില്ലേജ് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. സാംസ്‌കാരിക പ്രവർത്തകരും വിവിധ രാഷ്‌ട്രീയ നേതാക്കളും മത, സാമുദായിക നേതാക്കളും പങ്കെടുത്തു. സ്‌ത്രീകളുടെയും കുട്ടികളുടെയും പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.
ഏരൂർ വലിയ പള്ളി ഉസ്‌താദ് ഷംസുദീൻ, ജമാ അത്ത് പ്രസിഡന്റ് അനസ് ബാബു, ഏരൂർ പഞ്ചായത്ത് പ്രസിഡന്റ് അജിത്, കോൺഗ്രസ് നേതാക്കളായ വേണുഗോപാൽ, ഏരൂർ സുഭാഷ്, വാർഡ് മെമ്പർമാരായ നസീർ, ഫൗസിയ ഷംനാദ്, പഴയരൂർ മലങ്കര ചർച്ച് വികാരി ഗീവർഗീസ് പള്ളിവാതുക്കൽ, ഏരൂർ മയിലാടുംകുന്ന് മുരുകൻകോവിൽ ക്ഷേത്ര മേൽശാന്തി രാജൻ സ്വാമി എന്നിവർ സംസാരിച്ചു. ഏരൂർ പത്തടി ജമാ അത്ത് ഭാരവാഹികൾ, വിവിധ ക്ലബുകളുടെ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. കുടിവെള്ള സ്രോതസുകളെ മലിനമാക്കുന്നതുൾപ്പടെ സാമൂഹ്യ ജീവിതത്തിന് ഭീഷണിയാകുന്ന പ്ലാന്റ് ജനവാസ മേഖലയിൽ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പ്രഖ്യാപിച്ചു.