കൊല്ലം: പാർലമെന്റ് ബഡ്ജറ്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച എം.പിമാരുടെ യോഗത്തിൽ നിന്ന് കൊല്ലം എം.പി എൻ.കെ.പ്രേമചന്ദ്രൻ വിട്ടുനിന്നു. ജില്ലയിൽ നിന്നുള്ള മൂന്ന് എം.പിമാരിൽ കെ.സി.വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും പങ്കെടുത്ത യോഗത്തിലാണ് കൊല്ലം ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിൽ ഏഴെണ്ണത്തെ പ്രതിനിധീകരിക്കുന്ന കൊല്ലം എം.പി പങ്കെടുക്കാതിരുന്നത്. ഈ സമയം കൊല്ലത്ത് ഒരു സ്വകാര്യ ചടങ്ങിലായിരുന്നു എം.പി. റെയിൽവേ വികസനം, സി.ആർ.ഇസഡ് പരിധി, വരൾച്ച പ്രതിരോധം, വന്യമൃഗശല്യം എന്നീ വിഷയങ്ങളാണ് ചർച്ച ചെയ്തത്. ജില്ലയുടെയും സംസ്ഥാനത്തിന്റെയും ഭാവി വികസനവും നിലവിലെ പ്രതിസന്ധികളും കക്ഷി രാഷ്ട്രീയ ഭേദമന്യേ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹരിക്കാൻ ആവശ്യമായ കൂട്ടായ നീക്കത്തിന് വേദിയായ എം.പിമാരുടെ യോഗത്തിൽ നിന്ന് കൊല്ലം എം.പി വിട്ടുനിന്നത് തികച്ചും പ്രതിഷേധാർഹമാണെന്ന് എസ്.സുദേവൻ പ്രസ്താവനിയിൽ പറഞ്ഞു.