nnn
നിലമേൽ ജംഗ്ഷനിൽ നടപ്പാത

കടയ്ക്കൽ : നിലമേൽ ജംഗ്ഷനിലെ നടപ്പാതയിലൂടെ കാൽനടയാത്രക്കാർക്ക് നടക്കാനാവില്ല. തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയ്ക്ക് പോകുമ്പോൾ നിലമേൽ ജംഗ്ഷനിൽ വലതുവശത്തായി കാണുന്ന നടപ്പാതയാണ് മണ്ണും കാടൂം മൂടി കിടക്കുന്നത്. രണ്ടാഴ്ച മുൻപ് പെയ്ത മഴയിൽ നടപ്പാതയുടെ വശത്തെ മണ്ണിടിഞ്ഞ് വീണിരുന്നു. ഇതോടെ ഇതുവഴിയുള്ള യാത്ര പൂർണമായും തടസപ്പെട്ടു.സ്കൂൾ ,കോളേജ് വിദ്യാർ‌ത്ഥികളും പ്രായമായവരുമടക്കം നിരവധിപ്പേരാണ് ഇതുവഴി സഞ്ചരിച്ചിരുന്നത്.

കാടുമൂടിക്കിടക്കുന്നു
എതിർ ദിശയിൽ മറ്റൊരാൾ വന്നാൽ രണ്ട് പേർക്കും ഒരുമിച്ച് കടന്ന് പോകാൻ പറ്റാത്ത വിധം നടപ്പാത കാടുമൂടിക്കിടക്കുകയാണ്. മരത്തിന്റെ ചില്ലയടക്കം നടപ്പാതയിലേക്ക് ചാഞ്ഞുനിൽക്കുകയാണ്. കാട് വളർന്നുകിടക്കുന്നതിനാൽ ഇഴജന്തുകളുടെ ഭീഷണിയും ഉണ്ട്. എൻ. എസ്. എസ്. കോളേജിന്റെ മുൻവശത്തുകൂടിയാണ് നടപ്പാത പോകുന്നത്. പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ പി.ഡബ്യൂ.ഡിയാണ് നടപ്പാതയിലെ തടസം നീക്കാൻ ഉള്ളതെന്നായിരുന്നു മറുപടി.

സഞ്ചാരയോഗ്യമാക്കണം

നടത്തം റോഡിലൂടെ

നടപ്പാത ഉപയോഗിക്കാൻ കഴിയാതെ വന്നതോടെ വിദ്യാർത്ഥികളടക്കം റോഡിലേക്ക് ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്. എപ്പോഴും വാഹനങ്ങൾ പോകുന്ന തിരക്കുള്ള റോഡിലൂടെയുള്ള നടത്തം അപകടസാദ്ധ്യത കൂട്ടുമെന്നാണ് നാട്ടുകാർ പറയുന്നത്. വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലൂടെ വേണം സമീപത്തെ ബസ് സ്റ്റോപ്പിലേക്ക് അടക്കം എത്താൻ.

ഒരുപാട് ബുദ്ധിമുട്ടിയാണ് ഇപ്പോൾ ഇതുവഴി യാത്ര ചെയ്യുന്നത്. റോഡിൽ ഇറങ്ങിയുള്ള യാത്ര ഭയപ്പെടുത്തുന്നുണ്ട്. ഉടൻ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ- വിദ്യാർത്ഥികൾ