photo
ചവറ ഐ.ആർ.ഇ എൽ (ഇന്ത്യ) ലിമിറ്റഡും ഹരിത കേരളം മിഷനുമായി ചേർന്ന് നടത്തുന്ന പച്ചത്തുരുത്ത് പദ്ധതി ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പളി: കേന്ദ്ര പൊതുമേഖ സ്ഥാപനമായ ചവറ ഐ.ആർ.ഇ എൽ (ഇന്ത്യ) ലിമിറ്റഡിന്റെ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയിൽ ഉൾപ്പെടുത്തി ചവറ ഗ്രാമ പഞ്ചായത്തും ഹരിത കേരളം മിഷനുമായി ചേർന്ന് പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചവറ പഞ്ചായത്തിലെ കരിത്തുറ, കോവിൽത്തോട്ടം പ്രദേശങ്ങളിലെ പത്ത് ഏക്കർ സ്ഥലത്ത് തെങ്ങും മറ്റ് ഫലവൃക്ഷത്തൈകളും തദ്ദേശീയരുടെ സഹായത്തോടെ നട്ടുവളർത്തുന്നതാണ് പദ്ധതി. ഐ.ആർ.ഇ ഖനനാനന്തരം മണ്ണിട്ടു നികത്തി പ്രദേശവാസികളുടെ പുനരധിവാസത്തിന് നൽകുന്ന ഭൂമിയിലും പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷങ്ങൾ നട്ടു വളർത്തും. ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജെ. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ഐ.ആർ.ഇ.എൽ യൂണിറ്റ് മേധാവി എൻ.എസ്‌. അജിത് കമ്പനിയുടെ സുസ്ഥിര പ്രകൃതി വികസന കാഴ്ചപ്പാടുകൾ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി.പി. സുധീഷ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ ജയലക്ഷ്മി, മഡോണ ജോസഫിൻ, ആൻസി ജോർജ്, ഐ.ആർ.ഇ.എൽ ചീഫ് മാനേജർ ഭക്തദർശൻ, കൃഷി വകുപ്പ് അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ സഞ്ജയ്, ചവറ പഞ്ചായത്ത് സെക്രട്ടറി ശിവകുമാർ എന്നിവർ സംസാരിച്ചു.