കൊല്ലം: ജില്ലയിൽ ദിനംപ്രതി ഡെങ്കിപ്പനി കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധം ഊർജിതമാക്കി ആരോഗ്യവകുപ്പ്. എല്ലാ തിങ്കളാഴ്ചകളിലും വെക്ടർ സ്റ്റഡി അനാലിസിസ് നടത്തും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൊതുക് നശീകരണം നടത്തുന്നത്. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിലാണ് കൊതുക് നശീകരണം. ജില്ലയിൽ ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയ പ്രദേശങ്ങളിൽ അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ യോഗങ്ങൾ ചേർന്നാണ് പ്രവർത്തനം. ജില്ലയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും പരിശീലനം നൽകി. തിരുവനന്തപുരം, പാരിപ്പള്ളി മെഡിക്കൽ കോളേജുകളുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. പോരുവഴി, ഉളിയക്കോവിൽ, ശക്തികുളങ്ങര, ശൂരനാട്, ഏരൂർ എന്നിവിടങ്ങിലാണ് നിലവിൽ കൂടുതലായി ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ആരോഗ്യസ്ഥാപനങ്ങൾ വഴി ബോധവത്കരണ ക്ലാസുകളും മൈക്ക് അനൗൺസ്‌മെന്റുകളും നടത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികൾ ഡെങ്കു ചികിത്സാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദ്ദേശം നൽകി.