ഓച്ചിറ: വലിയകുളങ്ങര നാട്ടുവാതുക്കൽ ചന്തയ്ക്കു സമീപം വിദേശമദ്യശാല ആരംഭിക്കുന്നതിനുള്ള അനുമതി നിഷേധിച്ചതിനെ തുടർന്ന്, ജനകീയസമര സമിതി സമരം അവസാനിപ്പിച്ചു. 21 ദിവസമായി സമിതി സമരത്തിലായിരുന്നു. മദ്യ വിൽപ്പന ശാല ആരംഭിക്കുന്നതിനായി നൽകിയ അപേക്ഷ കൊല്ലം എക്സൈസ് കമ്മിഷണർ തള്ളി. ജനവാസ കേന്ദ്രത്തിൽ വിദേശ മദ്യശാല അനുവദിക്കുന്നത് ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസമാണെന്ന റിപ്പോർട്ട് കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ നൽകിയതിനെ തുടർന്നാണ് തീരുമാനം. വവ്വാക്കാവിൽ മുമ്പ് പ്രവർത്തിച്ചിരുന്ന വിദേശ മദ്യശാല ചന്തയ്ക്കു സമീപം ആരംഭിക്കുന്നതിനായി മാനേജിംഗ് ഡയറക്ടർക്ക് വേണ്ടി തിരുവല്ല കെ.എസ്.ബി.സി മാനേജരാണ് അപേക്ഷ സമർപ്പിച്ചത്. സി.ആർ. മഹേഷ് എം.എൽ.എ ഓച്ചിറ, ഗ്രാമപഞ്ചായത്ത് അധികൃതർ, വിവിധ രാഷ്ട്രീയ പാർട്ടികൾ, മത സംഘടനകൾ, മനുഷ്യാവകാശ സംഘടനകൾ തുടങ്ങിയവർ സമരത്തിലുണ്ടായിരുന്നു. ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ വിജയാഹ്ളാദ പ്രകടനം നടന്നു. തുടർന്നു നടന്ന സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ആർ.ഡി. പത്മകുമാർ, ശ്രീലത പ്രകാശ്, നേതാക്കളായ സത്യദേവൻ, എം.എസ്. ഷൗക്കത്ത്, മനുഷ്യാവകാശ സംഘടന നേതാവ് തഴവ സത്യൻ തുടങ്ങിയവർ സംസാരിച്ചു.