കരുനാഗപ്പള്ളി: പാർക്കിംഗ് കരാറുകാർ കൂടുതൽ സ്ഥലം പാർക്കിംഗിന് എടുക്കുന്നതിനാൽ, കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുമായി എത്തുന്ന വാഹനങ്ങൾ തിരിച്ചിറക്കാൻ ബുദ്ധിമുട്ടി ഡ്രൈവർമാർ. തിരിക്കാൻ ഇടമില്ലാത്ത വിധം പാർക്കിംഗിന് സ്ഥലമെടുത്തതാണ് പ്രധാന കാരണം.
റെയിൽവേ അപ്രോച്ച് റോഡിന്റെ ഇരു വശങ്ങളിലും വാഹനങ്ങൾ തിരിക്കാനുള്ള സൗകര്യം നേരത്തെ ഉണ്ടായിരുന്നു. എന്നാൽ റോഡിന്റെ വശങ്ങളിൽ റെയിൽവേ അധികൃതർ തടികൾ നിരത്തിയിരിക്കുന്നതിനാൽ ഈ സൗകര്യം ഇല്ലാതായി. കരാറുകാരന് അനുവദിച്ചിട്ടുള്ള സ്ഥലത്ത് റോഡിന്റെ ഇരുവശങ്ങളിലും ഇരുചക്ര വാഹനങ്ങളും കാറുകളും പാർക്ക് ചെയ്തിരിക്കുകയാണ്. രാവിലെ തന്നെ ഇവിടം വാഹനങ്ങൾ കൊണ്ട് നിറയും. റെയിൽവേ ആക്ഷൻ കൗൺസിലിന്റെ നിരന്തരമായ നിവേദനത്തെ തുടർന്ന് റെയിൽവേ അധികൃതർ നേരത്തെ ഉണ്ടായിരുന്ന റിസർവേഷൻ കൗണ്ടറിന് മുൻ വശമുള്ള സ്ഥലം ഒഴിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് റെയിൽവേ അധികൃതർ ഈ ഭാഗത്തേക്ക് തിരിഞ്ഞുപോലും നോക്കാത്തതിനാൽ വീണ്ടും ഇവിടെ പാർക്കിംഗ് തുടങ്ങി. റോഡിന്റെ വടക്ക് ഭാഗം പൂർണ്ണമായും തകർന്ന് കിടക്കുന്നതിനാൽ കാൽനട യാത്രപോലും ദുഷ്കരമാണ്. വാഹനങ്ങൾക്ക് ഇതുവഴി എത്താൻതന്നെ ബുദ്ധിമുട്ടാണ്.
51 ട്രെയിനുകൾക്ക് സ്റ്റോപ്പ്
ഇരു ഭാഗത്തേക്കും പോകുന്ന 51 ട്രെയിനുകൾക്കാണ് കരുനാഗപ്പള്ളിയിൽ സ്റ്റോപ്പുള്ളത്. ദിവസവും 7500 ഓളം യാത്രക്കാർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നുണ്ട്. കാറുകൾ ഉൾപ്പെടെ 1500 ഓളം വാഹനങ്ങൾ സ്ഥിരമായി ഇവിടെ പാർക്ക് ചെയ്യുന്നു. റെയിൽവേ സ്റ്റേഷനിൽ എത്തുന്ന വാഹനങ്ങൾ തിരിച്ച് പോകുന്നതിനുള്ള വഴി റെയിൽവേ ഒരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇതിനായി റെയിൽവെ ഒഴിപ്പിച്ചെടുത്ത സ്ഥലം വിനിയോഗിക്കണമെന്ന ആവശ്യവും ഉയരുന്നു.
റെയിൽവേ പ്രോട്ടക്ഷൻ ഗ്രൂപ്പിന്റെ ഒരു യൂണിറ്റ് കരുനാഗപ്പള്ളിയിൽ ആരംഭിച്ചാൽ നിലവിലുള്ള മിക്ക പ്രതിസന്ധികളും പരിഹരിക്കാൻ കഴിയും
കെ.കെ. രവി, റെയിൽവേ ആക്ഷൻ കൗൺസിൽ കൺവീനർ