കൊല്ലം: പട്ടാപ്പകൽ ജൂവലറിയിൽ ജീവനക്കാരുടെ മുഖത്ത് സ്‌പ്രേ അടിച്ച് സ്വർണമാല മോഷ്ടിക്കാൻ ശ്രമിച്ച യുവതിയും യുവാവും പിടിയിൽ. നെടുമങ്ങാട് കൊല്ലങ്കാവ് സുജിത്ത് ഭവനിൽ സുജിത്ത് (31), പാങ്ങോട് വട്ടകരിക്കകം സ്‌നേഹ മോഹൻ (27) എന്നിവരെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും വീടുകളിൽ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ 19ന് ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. ഇരുചക്ര വാഹനത്തിലെത്തിയ ഇരുവരും ചടയമംഗലം ഹരിശ്രീ ആശുപത്രിക്ക് സമീപമുള്ള ശ്രീലക്ഷ്മി ജൂവലറിയിൽ നിന്നാണ് 2 പവന്റെ മാല മോഷ്ടിക്കാൻ ശ്രമിച്ചത്. സംഭവം നടക്കുന്നതിന് തലേദിവസം സ്‌നേഹ ജൂവലറിയിൽ എത്തി മാല നോക്കിയ ശേഷം നാളെ വാങ്ങാമെന്ന് പറഞ്ഞ് പോയി. സംഭവദിവസം എത്തിയ ഇരുവരും ചേർന്ന് ആദ്യം മാല തിരഞ്ഞു. ഇതിനിടയിൽ സ്നേഹ മാല കൈക്കലാക്കുകയും തൂക്കി നോക്കാനായി നൽകുകയും ചെയ്തു. എന്നാൽ ഇതറിയാതെ സുജിത്ത് കൈവശം കരുതിയിരുന്ന സ്‌പ്രേ കടയുടമയായ സംഭാജിയുടെയും ജീവനക്കാരുടെയും കണ്ണിലേക്ക് അടിക്കുകയായിരുന്നു. ഇതോടെ മോഷണശ്രമം പരാജയപ്പെട്ടു. പിടിക്കപ്പെടും മുമ്പ് ഇരുവരും സ്കൂട്ടറിൽ രക്ഷപ്പെട്ടു.

സുജിത്തും സ്നേഹയും കുടുംബ സുഹൃത്തുക്കളാണ്. സുജിത്തിന് 10 ലക്ഷം രൂപയുടെ കടബാദ്ധ്യത ഉണ്ടായിരുന്നു. ഇത് തീർക്കാൻ വേണ്ടിയാണ് ചെറിയ ജൂവലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്താൻ തീരുമാനിച്ചത്. നിലമേൽ, കൊട്ടാരക്കര, ആയൂർ എന്നിവിടങ്ങളിലെ ജൂവലറികളാണ് നോട്ടമിട്ടിരുന്നത്. ഇടയ്ക്ക് രണ്ടുകടകളിൽ കയറിയെങ്കിലും മോഷ്ടിക്കാൻ ശ്രമിച്ചിരുന്നില്ല. സംഭവശേഷം ധരിച്ചിരുന്ന വസ്ത്രങ്ങൾ ഇവർ ഉപേക്ഷിച്ചിരുന്നു. മാസ്ക് ധരിച്ചെത്തിയ ഇവരെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ചിത്രത്തോട് സാമ്യമുള്ളവരെ നിരീക്ഷിച്ചും സംഭവ സ്ഥലത്തെ ടവർ കേന്ദ്രീകരിച്ച് പരിശോധന നടത്തിയുമാണ് പ്രതികളെ പിടികൂടിയത്. കൃത്യം നടത്താനായി ഉപയോഗിച്ച സ്കൂട്ടരും പ്രതികളുടെ വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി സാബു മാത്യു, കൊട്ടാരക്കര ഡിവൈ.എസ്.പി ബൈജു കുമാർ എന്നിവരുടെ നേതൃത്വത്തിൽ ചടയമംഗലം ഇൻസ്‌പെക്ടർ എൻ.സുനീഷ്, എസ്.ഐ എം.മോനിഷ്, സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ അഭിലാഷ്, സജി ജോൺ ചടയമംഗലം ജി.എ.എസ്.ഐ സെലീന, സി.പി.ഒമാരായ ഉല്ലാസ്, അതുൽ കുമാർ, മഞ്ജു, എച്ച്.ജി.സജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.