പത്തനാപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണയ്ക്കായി കുടുംബാംഗങ്ങൾ രൂപം നൽകിയ മന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പത്തനാപുരം ഗാന്ധിഭവനിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണം മുൻ എം.പി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.
മറിയാമ്മ ഉമ്മൻ അനുസ്മരണ പ്രസംഗം നടത്തി. ഉമ്മൻചാണ്ടിയുടെ മകൾ ഡോ.മറിയ ഉമ്മൻ അദ്ധ്യക്ഷയായി. ആയുർവേദ മെഡിക്കൽ ക്യാമ്പ് പദ്ധതി മലങ്കര ഓർത്തഡോക്സ് സഭ കൊല്ലം മെത്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയും കുട്ടികൾക്കുള്ള പഠനോപകരണ വിതരണം ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുസവിധൻ ജ്ഞാനതപസ്വിയും ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നടനും താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖ് ശബ്ദസന്ദേശം നൽകി. ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി പുനലൂർ സോമരാജൻ, ചെയർപേഴ്സൺ ഡോ.ഷാഹിദാ കമാൽ, സി.ആർ.നജീബ് എന്നിവർ സംസാരിച്ചു. ജെയ്സൺ ജെയിംസ് തഴവ സ്വാഗതവും ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് നന്ദിയും പറഞ്ഞു. അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് പോത്തൻകോട് ശാന്തിഗിരി മെഡിക്കൽ കോളേജ് ആശുപത്രിയുടെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും നടന്നു.