കൊല്ലം: മാസം രണ്ട് പിന്നിട്ടിട്ടും ചിന്നക്കട- ആശ്രാമം റോഡിലെ റീടാറിംഗ് പൂർത്തിയായില്ല. ചിന്നക്കടയിൽ നിന്ന് ആശ്രാമം ഭാഗത്തേക്ക് പോകുന്ന റോഡിൽ പകുതി ഭാഗം വരെയാണ് ടാറിംഗ് നടത്തിയിരിക്കുന്നത്. നേരത്തെ ഈ ഭാഗത്തും ഒരുവശത്തും മാത്രമാണ് ടാറിട്ടത്.
കഴിഞ്ഞ മേയ് അവസാനത്തോടെയാണ് റീടാറിംഗ് തുടങ്ങിയത്. മഴ കാരണമാണ് പണികൾ നിറുത്തിവച്ചിരിക്കുന്നതെന്നാണ് അധികൃതരുടെ വാദം. എന്നാൽ വെയിലുള്ളപ്പോൾ പോലും ടാറിടാതിരിക്കുകയാണെന്നാണ് ആക്ഷേപം. കല്യാൺ സിൽക്സിന് മുന്നിൽ നിന്ന് കെ.എസ്.എഫ്.ഇ വരെയുള്ള ഭാഗത്ത് ഒരുവശത്ത് മാത്രമാണ് ടാർ ചെയ്തിരിക്കുന്നത്. റോഡിന്റെ ഒരുഭാഗം ഉയർന്നും മറുഭാഗം താഴ്ന്ന നിലയിലുമാണ്. റോഡിലെ ഉയരവ്യത്യാസത്തിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നുമുണ്ട്. ബസടക്കം നിരവധി വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്.
റോഡ് മുറിച്ചുകടക്കുന്നവർക്കും ഒരുവശം ഉയർന്ന റോഡ് അപകട ഭീഷണി ഉയർത്തുന്നുണ്ട്. ചിന്നക്കടയിൽ നിന്ന് ആശ്രാമം ഭാഗത്തേക്ക് പോകുന്ന റോഡിന്റെ പലഭാഗത്തും റോഡ് ടാർ ചെയ്തിരിക്കുന്നത് ശരിയായ രീതിയിലല്ലെന്ന പരാതി ശക്തമാണ്. കർബല- റെയിൽവേ സ്റ്റേഷൻ റോഡിലും ലക്ഷ്മിനട ഭാഗത്തും ഒരു ഭാഗത്ത് മാത്രം ടാറിട്ട നിലയിലാണ്.
നടുവൊടിച്ച് റോഡുകൾ
ഇടറോഡുകളിലും മിക്കയിടത്തും ടാറിളകിമാറി യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതി
പള്ളിത്തോട്ടം-കൊച്ചുപിലാംമൂട് റോഡ്, എസ്.എം.പി പാലസ് റോഡ്, കളക്ടറേറ്റിൽ നിന്ന് ആനന്ദവല്ലീശ്വരം വഴി വെള്ളയിട്ടമ്പലം ഭാഗത്തേക്കുള്ള റോഡ്, ആർ.ഒ.ബി റോഡ് എന്നിവയുടെ പലഭാഗത്തും ടാറിംഗും മെറ്റലും ഇളകി മാറി
പലയിടത്തും വൻ ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്
നഗരത്തിലെ റോഡുകളിലൂടെ യാത്ര ചെയ്താൽ അപകടം ഉറപ്പ്
രക്ഷപ്പെടുന്നത് ഭാഗ്യംകൊണ്ട് മാത്രം
രാത്രി സമയത്താണ് റീടാറിംഗ്. കൊച്ചുപിലാംമൂട് വരെയാണ് ടാറിംഗ് നടക്കുന്നത്. ഇടവിട്ടുള്ള മഴ കാരണമാണ് റീടാറിംഗ് താത്കാലികമായി നിറുത്തിവച്ചിരിക്കുന്നത്. ഉടൻ പണികൾ ആരംഭിക്കും.
പി.ഡബ്ല്യു.ഡി അധികൃതർ