എഴുകോൺ: എഴുകൊൺ കൊച്ചാഞ്ഞിലിമൂട്ടിൽ അങ്കണവാടിക്കു വേണ്ടി നിർമ്മിച്ച സ്മാർട്ട് കെട്ടിടവും ഉമ്മൻചാണ്ടിയുടെ പേരിൽ പണി കഴിപ്പിച്ച ഗ്രാമസഭ ഹാളും കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ 23 ലക്ഷവും ഐ.സി.ഡി.എസ് സഹായമായ 17 ലക്ഷവും ഉൾപ്പെടുത്തി 40 ലക്ഷം ചെലവിട്ടാണ് സ്മാർട് ക്ലാസ് റൂം നിർമ്മിച്ചത്. ഡിജിറ്റൽ ഇന്ററാക്ടീവ് പാനൽ ഉൾപ്പെടെ ഏറ്റവും അത്യാധുനികവും മികവുറ്റതുമായ അങ്കണവാടിയാണിത്. 30 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് വാർഡിലെ ചന്ദ്രികാലയത്തിൽ ചന്ദ്രികയും കുടുംബവും പരേതയായ മകൾ ജൂനിയുടെ ഓർമ്മയ്ക്കായി നൽകിയ 4.5 സെന്റിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ഉമ്മൻചാണ്ടിയുടെ പേരിലുള്ള ഗ്രാമസഭ ഹാളിന്റെ ഉദ്ഘാടനത്തിനിടെ ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ അപ്രതീക്ഷിത അതിഥിയായി എത്തി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി. സുഹർബാൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ ടി.ആർ. ബിജു, സുനിൽകുമാർ, ബീന മാമച്ചൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്എച്ച്. കനകദാസ്, ഗ്രാമപഞ്ചായത്ത് അംഗം ആതിര ജോൺസൗ, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി സ്നേഹജ ഗ്ലോറി, ശങ്കരൻകുട്ടി, രാധിക, ടി.എസ്. സനു, മധുസൂദനൻ, വിപിൻകുമാർ, സനൽകുമാർ, രാജു വെട്ടിലിക്കോണം തുടങ്ങിയവർ സംസാരിച്ചു. വാർഡ് അംഗം രതീഷ് കിളിത്തട്ടിൽ സ്വാഗതവും അങ്കണവാടി വർക്കർ എസ്.തങ്കച്ചി നന്ദിയും പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും അങ്കണവാടി ഭൂമി വിട്ടു നൽകിയ കുടുംബത്തെയും യോഗത്തിൽ ആദരിച്ചു.