പുനലൂർ: മാത്ര സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിനിടെ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കറ്റവും ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് യു.ഡി.എഫ് സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇടത് മുന്നണിയുടെ നേതൃത്വത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചെന്നും ഇതിനെ ചോദ്യം ചെയ്ത യു.ഡി.എഫ് പ്രവർത്തകരെ മർദ്ദിച്ചെന്നും ആരോപിച്ചായിരുന്നു ബഹിഷ്കരണം. സംഭവം ചോദ്യം ചെയ്യുന്നതിനിടെയാണ് രണ്ട് മുന്നണികളുടെയും പ്രവർത്തകർ തമ്മിറ്റിൽ വാക്കറ്റവും ഉന്തും തള്ളും ഉണ്ടായത്. സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന പുനലൂർ സി.ഐ ടി.രാജേഷ്‌കുമറിന്റെ നേതൃത്വത്തിലുളള പൊലീസ് ഇരുവിഭാഗങ്ങളെയും പിന്തിരിപ്പിച്ചതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴുവായി. തുടർന്ന് യു.ഡി.എഫ് നേതൃത്വത്തിൽ പ്രവർത്തകരും നേതാക്കളും പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി. വിജയകുമാർ, പഞ്ചായത്ത് പ്രസിഡന്റ് ലതികമ്മ, വൈസ് പ്രസിഡന്റ് യോഹന്നാൻ കുട്ടി, നേതാക്കളായ വെഞ്ചേമ്പ് സുരേന്ദ്രൻ, കെ. അജികുമർ, എ. ഗോപി, ജിഷ എസ്.മുരളി, കെ. സോമൻഷ, ഷിബു വെഞ്ചേമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.