കൊല്ലം: ഓട്ടം വിളിച്ച ഓട്ടോറിക്ഷ തട്ടി മലപ്പുറം സ്വദേശിയായ പതിന്നാലുകാരന് പരിക്കേറ്റു. ഹൈസ്‌കൂൾ ജംഗ്ഷനിൽ ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. ബന്ധുവിന്റെ വീട്ടിലെത്തി മടങ്ങുമ്പോഴായിരുന്നു അപകടം. കുട്ടിയും ഒപ്പമുണ്ടായിരുന്നവരും റെയിൽവേ സ്റ്റേഷനിലേക്ക് പോകാനായി മുളങ്കാടകം മുണ്ടാലുംമൂട് ജംഗ്ഷനിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറി. എന്നാൽ തുടക്കം മുതൽ അപകടകരമായ രീതിയിലാണ് ഡ്രൈവർ വണ്ടി ഓടിച്ചത്. പലതവണ ഓട്ടോറിക്ഷ നിറുത്താൻ യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ‌ഡ്രൈവ‌ർ കേട്ടില്ല. ഒടുവിൽ ഹൈസ്‌കൂൾ ജംഗ്ഷൻ എത്തിയപ്പോൾ യാത്രക്കാർ നിർബന്ധിച്ച് വാഹനം നിറുത്തിപ്പിച്ചു. ഉടൻ കുട്ടി ഉൾപ്പെടെ എല്ലാവരും ഓട്ടോയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. റോഡരികിലേക്ക് മാറിനിന്ന കുട്ടിയെ ഇതേ ഓട്ടോറിക്ഷ ഇടിച്ചിടുകയായിരുന്നു. കൂടെ ഉള്ളവ‌ർ ഓട്ടോ തടയാൻ ശ്രമിച്ചെങ്കിലും കടന്നുകളഞ്ഞു. സ്ഥലത്തുണ്ടായിരുന്ന ട്രാക്ക് വോളണ്ടിയർ അനീഷ് ആനന്ദ് പരിക്കേറ്റ കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ ബന്ധുക്കൾ ഓട്ടോ റിക്ഷ നമ്പർ സഹിതം വെസ്റ്റ് പൊലീസിൽ പരാതി നൽകി.