കൊല്ലം: കോർപ്പറേഷൻ വടക്കേവിള ഡിവിഷനിൽ പട്ടത്താനം നഗർ- വികാസ് നഗർ പരിധിയിൽ ഗുരുമന്ദിരം- അക്കരെതെക്കേമുക്ക് വഴി പോളയത്തോട്ടിലേക്ക് നീളുന്ന റോഡിൽ യാത്ര ദുഷ്‌കരമായി മൂന്ന് വർഷത്തോളമായിട്ടും നടപടിയില്ല.
ഏകദേശം ഒരു കിലോമീറ്ററുള്ള നഗരഹൃദയത്തിലെ റോഡാണ് നോക്കാൻ ആളില്ലാതെ സഞ്ചാരയോഗ്യമല്ലാതാകുന്നത്.
നഗരത്തിലെ പ്രമുഖ റസിഡൻഷ്യൽ ഏരിയയായ ഇവിടെ നിരവധി ഡോക്‌ടർമാർ താമസിക്കുന്നുണ്ട്. മിക്കവർക്കും വീട്ടിൽ പ്രാക്‌ടീസുള്ളതിനാൽ രോഗികളാമായി എത്തുന്ന വാഹനങ്ങളും അനവധിയാണ്. അടുത്തുള്ള രണ്ട് സ്‌കൂളുകളിലേക്കും ട്യൂഷൻ സെന്ററിലേക്കും സൈക്കളിലും കാൽനടയായും കൂടുതലായും പോകുന്നത് പെൺകുട്ടികളാണ്. ജില്ലയിലെ ചില പ്രമുഖ സ്‌കൂളുകളിലേക്കുള്ള ബസുകൾ ഇത് വഴി നിരവധി തവണ ട്രിപ്പ് നടത്തുന്നുണ്ട്. ക്ഷേത്ര ദർശനത്തിന് എത്തുന്നവർക്കും ദുരിതപാത തലവേദനയാകുന്നു.
കോർപ്പറേഷൻ റോഡിന് എം. നൗഷാദ് എം.എൽ.എ യുടെ വികസന ഫണ്ടിൽ നിന്ന് 80 ലക്ഷം അനുവദിച്ചിട്ടുണ്ട്. ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് നിർമ്മാണം. കരാറെടുക്കാൻ ആരും മുന്നോട്ട് വരാത്തതാണ് പണി നീളാൻ കാരണമായത്. ഇടക്കാലത്ത് തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടം നിലനിന്നതും കാലതാമസമുണ്ടാക്കി.
ഒരു തവണ കൂടി ടെണ്ടർ ചെയ്‌ത ശേഷം ഓഫറിലൂടെ കരാറുകാരനെ കണ്ടെത്തും. ഇതേ ഡിവിഷനിൽ എം.എൽ.എ ഫണ്ടിലൂടെ ലഭിച്ച മാടൻനട-തമ്പുരാൻമുക്ക് - പാട്ടത്തിൽകാവ് - ശംഖുംമുഖം റോഡിന്റെ നവീകരണവും പള്ളിമുക്ക്, വടക്കേവിള ഡിവിഷനുകളെ ബന്ധിപ്പിക്കുന്ന മറ്റൊരു റോഡിന്റെ നവീകരണവും കരാറുകാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്ന് അനിശ്ചിതത്വത്തിലാണ്
ശ്രീദേവിയമ്മ,
വടക്കേവിള ഡിവിഷൻ കൗൺസിലർ.