മുന്നറിയിപ്പ് അവഗണിച്ചത് അപകട കാരണം
കൊല്ലം: തങ്കശ്ശേരി ബ്രേക്ക് വാട്ടർ ടൂറിസം പാർക്കിലെ പുലിമുട്ടിലേക്ക് അടിച്ചുകയറിയ തിരയിൽപ്പെട്ട് വിനോദസഞ്ചാര സംഘത്തിലെ അഞ്ചുപേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. ബംഗളുരു സ്വദേശികളായ രാജേഷ് (58), ഭാര്യ ഭാര്യ ദീപിക (53), മരുമകൾ സോന്നാലി ജെയ്ൻ (26), ആന്ധ്രാസ്വദേശി രാജേന്ദ്രകുമാർ ജെയ്ൻ (55), തിരുപ്പൂർ സ്വദേശി കാർത്തിക് സോളാനി (51) എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ 21 നാണ് 18 അംഗ സംഘം കൊല്ലത്ത് എത്തിയത്. തങ്കശ്ശേരി വിളക്കുമാടത്തിലേക്ക് പോകാനാണ് ഇന്നലെ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഇവിടെ അവധി ആയതിനാൽ ബ്രേക്ക് വാട്ടർ ടൂറിസം പാർക്കിലേക്ക് എത്തുകയായിരുന്നു. രാവിലെ മുതൽ കടൽ പ്രക്ഷുബ്ദ്ധമായിരുന്നതിനാൽ പുലിമുട്ട് ഗേറ്റ് വരെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ സെക്യൂരിറ്റിയുടെ അടക്കം മുന്നറിയിപ്പ് അവഗണിച്ച് ഇവർ പുലിമുട്ടിലേക്ക് പോവുകയായിരുന്നു. പുലിമുട്ടിൽ കമ്പിവേലികൾ ഇല്ലാത്തഭാഗത്തെ പാറയിൽ കയറിനിന്ന് ഫോട്ടോ എടുക്കുന്നതിനിടയിൽ തിരയടിക്കുകയും നിയന്ത്രണം തെറ്റി ഇവർ പാറപ്പുറത്തേക്കും പുലിമുട്ടിലെ നടപ്പാതയിലേക്കും വീഴുകയായിരുന്നു. സംഭവം കണ്ട് ഒപ്പം ഉണ്ടായിരുന്നവർ ബഹളം വച്ചു. ഇതുകേട്ട് പുലിമുട്ടിന് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ എത്തി ഇവരെ രക്ഷിക്കുകയുമായിരുന്നു. അപ്പോഴേക്കും സുരക്ഷാജീവനക്കാർ ആംബുലൻസ് വിളിച്ചുവരുത്തി. രാജേന്ദ്രകുമാർ ജെയ്നും സോന്നാലിയ്ക്കുമാണ് പരിക്ക് അല്പം ഗുരുതരം. രാജേന്ദ്രകുമാറിന് കൈക്കും തോളിനും പരിക്കേറ്റു. സോന്നാലിക്ക് നടുവിനാണ് പരിക്ക്. ബാക്കിയുള്ളവർക്ക് നിസാര പരിക്കാണുള്ളത്. എല്ലാവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ടൂറിസം വകുപ്പിലെയും ഹാർബർ എൻജിനീയറിംഗ് വിഭാഗത്തിലെയും അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിമുട്ടിലേക്കുള്ള ഗേറ്റ് പൂട്ടി. ഇന്നലെ ഉച്ചയ്ക്ക് ശേഷം പാർക്കിലേക്ക് പ്രവേശനം നിരോധിച്ചു.