t
തോപ്പ് ഇൻഫന്റ് ജീസസ് എൽ.പി സ്കൂളിൽ ചാന്ദ്ര ദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ നടന്ന അസംബ്ളിയിൽ നീൽ ആംസ്‌ട്രോംഗ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവരുടെ വേഷത്തിലെത്തിയ കുരുന്നുകൾ

കൊല്ലം: തോപ്പ് ഇൻഫന്റ് ജീസസ് എൽ പി സ്‌കൂളിൽ ഇന്നലെ രാവിലെ നടന്ന അസംബ്ലയിൽ മനുഷ്യ ചരിത്രത്തിലെ അഭിമാന സ്‌തംഭങ്ങളായ നീൽ ആംസ്‌ട്രോംഗ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവരെത്തി! മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ 55-ാം വാർഷികദിനത്തിൽ സയൻസ് ക്ലബ് സംഘടിപ്പിച്ച ചാന്ദ്രദിനത്തിന്റെ ഭാഗമായാണ് കുട്ടികൾ ബഹിരാകാശ സഞ്ചാരികളുടെ വേഷം ധരിച്ചെത്തിയത്.

ലെനിൻ സാവിയോ- നീൽ ആംസ്‌ട്രോംഗ്, ആൻസൺ- മൈക്കിൾ കോളിൻസ്, പ്രണവ്- എഡ്വിൻ ആൽഡ്രിൻ എന്നിങ്ങനെ ആയിരുന്നു വേഷപ്പകർച്ച. ബഹിരാകാശ പേടകമായ അപ്പോളോ 11 ആയി ഡെസ്‌റ്റമനും വേഷമിട്ടതോടെ ചാന്ദ്രദൗത്യം പാഠങ്ങൾക്കപ്പുറം കുട്ടികൾക്ക് ദൃശ്യമിഴിവേകി. സഞ്ചാരികൾ അസംബ്ലിയിൽ 'ദൗത്യാനുഭവങ്ങൾ' പങ്കുവച്ചു. പ്രധാന അദ്ധ്യാപകൻ ബെന്നി ചാന്ദ്രദിന സന്ദേശം നൽകി.ചന്ദ്രനെ കുറിച്ചുള്ള കൗതുകുങ്ങൾ കഥകളായും പാട്ടുകളായും വിവിധ രൂപങ്ങളായും അവതരിപ്പിച്ചു. സയൻസ് ക്ലബ് അദ്ധ്യാപകരായ ബേട്സി, അനീറ്റ എന്നിവരുടെ നേതൃത്വത്തിൽ പര്യവേക്ഷണത്തിന്റെ വീഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് ചാന്ദ്രദിന പ്രശ്‌നോത്തരിയും ചാന്ദ്രദിന പതിപ്പ് നിർമ്മാണവും നടന്നു.