കൊട്ടാരക്കര: കാർഗിൽ വിജയത്തിന്റെ രജതജൂബിലി ആഘോഷം കൊട്ടാരക്കര മിലിട്ടറി കാന്റീനിൽ കേണൽ കെ.കെ. പണിക്കർ ഉദ്‌ഘാടനം ചെയ്‌തു. പാലോട് മിലിട്ടറി സ‌്‌റ്റേഷനിലെ 16 അംഗങ്ങളുടെ നേതൃത്വത്തിലുള്ള സൈക്കിൾ റാലി ടീമിനെ കൊട്ടാരക്കര മിലിട്ടറി കാന്റീൻ മാനേജർ മേജർ വി. പ്രസന്നൻ സ്വീകരിച്ചു. കാർഗിൽ പോരാട്ടത്തിൽ വീരമൃത്യു വരിച്ച ഭടൻമാരുടെ ആശ്രിതരെയും കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത വിമുക്ത ഭടൻമാരെയും ആദരിച്ചു. റിട്ട. ലഫ്‌ടനന്റ് കേ.കെ.എസ്. വിനോദ് കുമാർ, മേജർ ഭഗത്‌ജിത് സിംഗ്, വിരമിച്ച ഉദ്യോഗസ്ഥരായ രാജശേഖരൻ നായർ, ക്യാപ്‌ടൻ തുളസീധരൻ പിള്ള എന്നിവർ സംസാരിച്ചു. എൻ.സി.സി കേഡറ്റുകൾ, വിമുക്ത ഭടൻമാർ, ആശ്രിതർ, പൊലീസ് സേനാംഗങ്ങൾ എന്നിവരും പങ്കെടുത്തു.