fire-
വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ നടന്ന സ്നേഹസംഗമം ഉദ്ഘാടനം മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ സദാ കർമ്മനിരതരായ ഫയർ ആൻഡ് റെസ്ക്യു സർവീസിന്റെ സേവനം മഹത്തരവും മാതൃകാപരവുമാണെന്ന് മുൻ ഡി.ജി.പി ഋഷിരാജ്സിംഗ് അഭിപ്രായപ്പെട്ടു. വേളമാനൂർഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ നടന്ന സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 20 വർഷം മുമ്പ് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിൽ വ്യോമാക്രമണം ഉണ്ടായപ്പോൾ ആദ്യം എത്തിയതും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും ഫയർ ആൻഡ് റസ്ക്യു സർവീസാണ്.. ഇന്ത്യയിലും ഇത്തരത്തിൽ മാറ്റം ഉണ്ടാകണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ആമയിഴഞ്ചാൻ തോട്ടിലകപ്പെട്ട ജോയിയെ രക്ഷിക്കാൻ സമാനതകളില്ലാത്ത സന്നദ്ധപ്രവർത്തനം നടത്തിയ സ്കൂബാംഗങ്ങളെ സ്നേഹാശ്രമം ആദരിക്കുന്നതിൽ സംസ്ഥാന ഫയർ ആൻഡ് റസ്ക്യു വകുപ്പിന്റെ അഭിനന്ദനം അറിയിക്കുന്ന ഡി.ജി.പി പത്മകുമാറിന്റെ സന്ദേശം ഋഷിരാജ് സിംഗ് ചടങ്ങിൽ വായിച്ചു. ദൗത്യത്തിൽ പങ്കെടുത്ത ഫയർ ആൻഡ് റെസ്ക്യു കൊല്ലം ജില്ലാ ഓഫീസിലെ ഓഫീസർമാരായ കെ.ആർ. ഹരിരാജ്, വി.ദീപക്, ഒ.എ.ഷഹീർ, വി.വിജേഷ്, എസ്. ജിതിൻ, എച്ച്. ഹനീഷ് ലാൽ എന്നിവർക്ക് സ്നേഹാശ്രമത്തിന്റെ ഉപഹാരങ്ങൾ നൽകി ഋഷിരാജ്സിംഗ് ആദരിച്ചു. സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. കേരള ഫയർ ആൻഡ് റെസ്ക്യു അസോസിയേഷൻ മേഖല ട്രഷറർ വി.ജെ.വർണ്ണിനാഥ്, കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് സംഗം റീനമംഗലത്ത് എന്നിവർ സംസാരിച്ചു. സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ, വൈസ്ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, സെക്രട്ടറി പി.എം. രാധാകൃഷ്ണൻ, കെ.എം. രാജേന്ദ്രകുമാർ, ഡോ.രവിരാജ്, ആർ.ഡി.ലാൽ, ബി.സുനിൽകുമാർ, ജി.രാമചന്ദ്രൻപിള്ള, ആലപ്പാട്ട് ശശിധരൻ, എം. കബീർ, അനിൽകുമാർ കടുക്കറ, മാനേജർ പത്മജദത്ത എന്നിവർ ചടങ്ങിനു നേതൃത്വം നൽകി.