തൊടിയൂർ: ഗ്രാമ പഞ്ചായത്തിലെ തോടുകളിലും കുളങ്ങളിലും മാലിന്യം തള്ളിയ രണ്ട് ടാങ്കർ ലോറികൾ പൊലീസ് പിടിച്ചെടുത്തു. എൻജിനീയറിംഗ് കോളേജിന് സമീപം, ഒന്നാം വാർഡിലെ ശിശു വിഹാറിന് സമീപം,16-ാം വാർഡിലെ മിടുക്കൻ മുക്കിനു സമീപം, ചക്കുവള്ളി-പുതിയകാവ് റോഡിന് സമീപമുള്ള ചേലക്കോട്ട് കുളങ്ങര ജംഗ്ഷൻ, വടിക്കലേത്ത് കുളം എന്നിവിടങ്ങളിലാണ് കക്കൂസ് മാലിന്യം ടാങ്കർ ലോറിയിൽ കൊണ്ടുവന്ന് തള്ളിയത്. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ , പഞ്ചായത്ത് അംഗങ്ങളായ രവീന്ദ്രനാഥ്, സുജാത, സെക്രട്ടറി സി.ഡെമാസ്റ്റൻ , ഹെൽത്ത് ഇൻസ്പെക്ടർ കെ.അജയകുമാർ, ഉദ്യോഗസ്ഥരായ ടി മുഹമ്മദ് റാഫി, രാധാകൃഷ്ണപിള്ള, എസ്.സത്താർ എന്നിവർ മാലിന്യം നിക്ഷേപിച്ച സ്ഥലങ്ങൾ സന്ദർശിച്ചു. ഇതുപോലുള്ള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് ബിന്ദു രാമചന്ദ്രനും പിടിച്ചെടുത്ത വാഹനം കണ്ടു കെട്ടുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സെക്രട്ടറി സി. ഡെമാസ്റ്റനും അറിയിച്ചു.