കൊട്ടാരക്കര: കൊട്ടാരക്കര- പുത്തൂർ മുസ്ളീം സ്ട്രീറ്റിലെ റോഡ് തകർന്നത് നാടുമുഴുവൻ ചർച്ചയാകുമ്പോഴും അധികൃതർ അനങ്ങുന്നില്ല.റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതും മഴവെള്ളം കെട്ടിനിന്ന് അപകടക്കെണി ആയതുമൊക്കെ 'അഭ്യാസം പഠിച്ചാൽ ഇവിടം കടക്കാം!' എന്ന തലക്കെട്ടോടെ കേരളകൗമുദി വാർത്തയാക്കിയതോടെ വിവിധ കോണുകളിൽ നിന്നാണ് പ്രതിഷേധങ്ങൾ ഉയരുന്നത്.
നവകേരള സദസിനിടെ മുഖ്യമന്ത്രിക്ക് കടന്നുപോകാൻ ഇവിടത്തെ കുഴിയടച്ചു. ഇപ്പോൾ പഴയതിലും കഷ്ടമാണ്. യാത്രക്കാർ വലിയ തോതിൽ ദുരിതം അനുഭവിക്കുമ്പോഴും പരിഹാരം കാണേണ്ടവർ കണ്ണടയ്ക്കുന്നത് പ്രതിഷേധാർഹമാണ്.
കെ.ആർ. രാധാകൃഷ്ണൻ, സെക്രട്ടറി, ബി.ജെ.പി ജില്ലാ കമ്മിറ്റി
ഞങ്ങൾ പാവങ്ങൾ ഓട്ടോയുമായി ഉപജീവനത്തിന് ഇറങ്ങുന്നവരാണ്. കൊട്ടാരക്കര- പുത്തൂർ റോഡിൽ മുസ്ളീം സ്ട്രീറ്റ് പാലം കഴിഞ്ഞ് കുറച്ചുഭാഗത്തെ റോഡിന്റെ തകർച്ച വല്ലാത്തൊരു ബുദ്ധിമുട്ടാണ്. ഇവിടം കടന്നുകിട്ടാൻ ഓട്ടോക്കാർ പെടാപ്പാട് പെടുന്നു. ഡീസലിന്റെയും പെട്രോളിന്റെയും നഷ്ടം മാത്രമല്ല, എന്നും വാഹനത്തിന് പണിയാണ്. യാത്രക്കാരുടെ നടുവൊടിയുന്നുവെന്ന പരാതികൾ വേറെയും
ആർ. ബിജു പണയിൽ, പ്രസിഡന്റ്, ഓട്ടോ സൗഹൃദകൂട്ടായ്മ ജില്ലാ കമ്മിറ്റി
ഞാൻ എന്നും ഈ റോഡിലെ യാത്രക്കാരനാണ്. കഷ്ടം എന്നല്ലാതെ മറ്റെന്തുപറയാൻ? എല്ലാവിധ നികുതിയും അടച്ചിട്ടും വാഹനവുമായി സഞ്ചരിക്കാൻ കഴിയുന്നില്ല. പൊട്ടിപ്പൊളിഞ്ഞ റോഡിലെ വലിയ കുഴികൾ അപകടഭീഷണിയാണ്. ഇതിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ വൈറലായി. കാണേണ്ടവർ കണ്ടില്ലെന്ന് തോന്നുന്നു
എസ്. ബിജുരാജ്, എം.ഡി, സെക്യുകെയർ സൊല്യൂഷൻസ്
മാനേജ്മെന്റ് കമ്പനി, കൊട്ടാരക്കര