s
തങ്കശ്ശേരി ബ്രേക്ക് വാട്ടർ ടൂറിസം പാർക്കിലെ കെട്ടിടത്തിൽ തമ്പടിച്ചിരിക്കുന്ന തെരുവുനായ്ക്കൾ

കൊല്ലം: വിനോദസഞ്ചാരികളടക്കം നിരവധി സന്ദർശകർ പ്രതി​ദി​നം എത്തുന്ന തങ്കശേരി ബ്രേക്ക് വാട്ടർ ടൂറിസം പാർക്കി​ൽ ഭീഷണിയായി​ തെരുവുനായ്ക്കൾ. വന്ധ്യംകരിച്ചതും അല്ലാത്തതുമായ നിരവധി നായ്ക്കളാണ് പാർക്കിന്റെ വിവിധ ഭാഗങ്ങളിൽ അലഞ്ഞ് നടക്കുന്നത്.

സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഒഴി​വു സമയം ചെലവഴി​ക്കാനും വിനോദത്തിനും വ്യായാമത്തിനുമായി ഇവിടേക്ക് എത്തുന്നുണ്ട്. വൈകിട്ട് അഞ്ചിന് ശേഷം പാർക്കിൽ തിരക്കേറും. കുടുംബവുമായി സമയം ചെലവഴിക്കാനെത്തുന്നവരാണ് കൂടുതലും. കുട്ടികളുടെ റൈഡുകൾ വച്ചിരിക്കുന്ന ഭാഗത്തും പ്രവേശനകവാടത്തിലും പുലിമുട്ടിലേക്കുള്ള ഭാഗത്തും ഓഫീസ് കെട്ടിടത്തി​ലുമെല്ലാം തെരുവുനായ്ക്കൾ കൂട്ടത്തോടെ തമ്പടിച്ചിരിക്കുകയാണ്.

സന്ദർശകർക്ക് ഇരിക്കാനും മറ്റുമായി നിരവധി സ്ഥലങ്ങൾ പാർക്കിലുണ്ടെങ്കിലും തെരുവുനായ്ക്കളുടെ ശല്ല്യം മൂലം പലരും ഇപ്പോൾ ഇവി​ടെ ഇരിക്കാറില്ല. പാർക്കിൽ ഓടിക്കളിക്കുന്ന കുട്ടികളുടെ മുന്നിലേക്ക് നായ്ക്കൾ കൂട്ടമായി എത്തുന്നതും സമീപത്തുള്ളവർ നായയെ തുരത്തി ഓടിക്കുന്നതും പതിവ് കാഴ്ചയാണ്. കഴിഞ്ഞദിവസം പാർക്കിലെത്തിയ സന്ദർശകർക്ക് നേരെ നായയുടെ ആക്രമണം ഉണ്ടായി. സുരക്ഷാജീവനക്കാരും മറ്റും സമയോചിതമായി ഇടപെട്ടതിനാലാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്.

നടപടിയില്ലെന്ന് പരാതി

തെരുവ് നായ്ക്കളുടെ ശല്ല്യത്തെ പറ്റി നിരവധി തവണ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നാണ് സന്ദർശകരുടെ പരാതി. ആക്രമണമുണ്ടായാൽ ഓടി​ രക്ഷപ്പെടാൻ ഇടമി​ല്ലെന്നതും ആശങ്ക സൃഷ്ടിക്കുന്നു. അടിയന്തിരമായി തെരുവ് നായ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് പാർക്കിലെത്തുന്നവരുടെ ആവശ്യം.

തുറന്നത് കഴി​ഞ്ഞ വർഷം

കഴിഞ്ഞവർഷം ഏപ്രിൽ 27നാണ് സഞ്ചാരികൾക്കായി പാർക്ക് തുറന്നു നൽകിയത്. 5 കോടി മുടക്കി തങ്കശേരി ലൈറ്റ് ഹൗസിനു സമീപം ഹാർബർ എൻജിനീയറിംഗ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള രണ്ടരയേക്കറി​ലാണ് തങ്കശേരി ബ്രേക്ക് വാട്ടർ ടൂറിസം സജ്ജമാക്കിയത്. പാർക്കിന്റെ ചുമതല ഡി.ടി.പി.സിയും പുലിമുട്ടിന്റെ ചുമതല ഹാർബർ വിഭാഗത്തിനുമാണ്.