railway
ചെളിക്കണ്ടമായ എഴുകോൺ റയിൽവേ സ്റ്റേഷൻ കവാടം..

എഴുകോൺ : മഴ പെയ്താൽ എഴുകോൺ റെയിൽവേ സ്റ്റേഷൻ കവാടം കുളമാകും. പിന്നെ കവാടം കടക്കാൻ അഭ്യാസികൾക്ക് പോലും പറ്റില്ല. ദേശീയ പാതയോട് ചേർന്ന ഈ ഭാഗം കോൺക്രീറ്റ് ചെയ്താലേ പരിഹാരമാകു. ഇത് ആര് ചെയ്യുമെന്നകാര്യത്തിൽ ആർക്കും ഉത്തരമില്ല.

നനഞ്ഞ് നിൽക്കണം

മഴ പെയ്താൽ പ്ലാറ്റ് ഫോമിൽ നനഞ്ഞു നിൽക്കണം. മേൽക്കൂര പ്ലാറ്റ്ഫോമാകെ

കവർ ചെയ്യാത്തതാണ് കാരണം. ചെറിയ ഷെൽട്ടറുകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും ഉൾക്കൊള്ളാൻ കഴിയുന്നതിലേറെ യാത്രക്കാരാണ് ഇവിടെ എത്തുന്നത്.

പ്ലാറ്റ് ഫോം നീളം കൂട്ടൽ തുടങ്ങിയടത്ത് തന്നെ

കൂടുതൽ ബോഗികളുള്ള ട്രെയിനുകളെ ഉൾക്കൊള്ളാൻ കഴിയുന്ന പ്ലാറ്റ്ഫോമിന്റെ നിർമ്മാണം തുടങ്ങിയടത്ത് തന്നെയാണ്. നീളം കൂട്ടേണ്ട ഭാഗത്തെ മരങ്ങൾ മുറിച്ച് മണ്ണ് നിരത്തിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല.

ഉയരക്കുറവിന് പരിഹാരമില്ല

പ്ലാറ്റ്ഫോമിന്റെ നീളക്കുറവിനൊപ്പം ഉയർന്നു വന്ന പ്രശ്നമാണ് ഉയരക്കുറവും. മുതിർന്നവർക്കോ കുട്ടികൾക്കോ ആയാസ രഹിതമായി ട്രെയിനിൽ കയറാനാകില്ല.നീളം കൂട്ടുന്നതിനൊപ്പം ഉയരം കൂട്ടാനും നടപടിയില്ലാത്തതിൽ നിരാശരാണ് യാത്രക്കാർ.

വേണ്ടത് റിസർവേഷൻ സൗകര്യം

എഴുകോൺ സ്റ്റേഷന്റെ സമഗ്ര വികസനത്തിന് റിസർവേഷൻ സൗകര്യം അനിവാര്യമാണ്. വരുമാന വർദ്ധനയ്ക്കായി ഇത് അധികൃതർ പരിഗണിച്ചിട്ടേ ഇല്ല.

കുറ്റിപ്പുല്ല് വളർന്ന് പ്ലാറ്റ്ഫോം

പ്ലാറ്റ്ഫോമാകെ കുറ്റിപ്പുല്ല് വളർന്ന് തിങ്ങിയിരിക്കുകയാണ്. വസ്ത്രങ്ങളിൽ ഊർന്ന് കയറുന്ന ഊപ്പൻ പുല്ലാണ് വളരുന്നത്. പ്ലാറ്റ് ഫോമിന്റെ മദ്ധ്യഭാഗത്ത് കൂടി നടക്കാനാകില്ല.

മോഷണം തകൃതി

പട്ടാപകൽ സ്‌റ്റേഷൻ പരിസരത്ത് പെട്രോൾ മോഷണവും വാഹന മോഷണവും പതിവായിരിക്കുകയാണ്. ദിവസങ്ങൾക്ക് മുൻപാണ് മുന്നൂർ സ്വദേശി ഗോപന്റെ ബൈക്ക് മോഷ്ടിച്ചത്. സി.സി.ടി.വി കാമറകളുണ്ടേൽ ഒരു പരിധി വരെ തടയാനാകും.

എഴുകോണിന്റെ ഭാവി വികസനം റെയിൽവേ സ്റ്റേഷനെ കേന്ദ്രീകരിച്ചാണുള്ളത്. ഇക്കാര്യത്തിൽ സമഗ്ര പദ്ധതിയാണ് നാടിനാവശ്യം.

ബി. മോഹനൻ

പ്രസിഡന്റ്, കൊട്ടാരക്കര റോട്ടറി ക്ലബ്,

ചട്ടേൽ വീട്, എഴുകോൺ.

എഴുകോൺ റെയിൽവേ സ്റ്റേഷന്റെ വികസനത്തിൽ അലംഭാവത്തിലാണ് അധികൃതർ. ഇക്കാര്യത്തിൽ വലിയ പ്രതിഷേധത്തിലാണ് നാട്ടുകാർ.

എസ്. അനിരുദ്ധൻ,

നേതാജി നഗർ, പുലരി, എഴുകോൺ.