കൊല്ലം: കൊല്ലത്ത് സ്ഥാപിക്കാൻ തീരുമാനിച്ച വിജിലൻസ് കോടതി, ഹൈക്കോടതി ഫുൾ കോർട്ടിന്റെ തീരുമാനം മറച്ചു വച്ച് കൊട്ടാരക്കരയിൽ സ്ഥാപിക്കാനുള്ള സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് കൊല്ലം ബാറിലെ അഭിഭാഷകർ ഇന്നലെ കളക്ടറുടെ ഓഫീസ് ഉപരോധിച്ചു. കൊല്ലം ബാർ അസോസിയേഷനിൽ കൂടിയ ജനറൽ ബോഡി യോഗ തീരുമാന പ്രകാരമാണ് കോടതികളിൽ നിന്നു വിട്ടു നിന്ന് അഭിഭാഷകർ ഉപരോധം നടത്തിയത്. സമരത്തെ തുടർന്ന് ബാർ അസോസിയേഷൻ ഭാരവാഹികളെയും വിവിധ അഭിഭാഷക സംഘടന നേതാക്കളെയും കളക്ടർ ചർച്ചയ്ക്ക് വിളിക്കുകയും പ്രശ്നത്തിന്റെ ഗൗരവം ആഭ്യന്തര സെക്രട്ടറിയെ അറിയിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. പ്രസിഡന്റ് അഡ്വ. ഓച്ചിറ എൻ. അനിൽകുമാർ, അഡ്വ. പി. സജീവ് ബാബു, അഡ്വ. വി.റാം. മോഹൻ, അഡ്വ. മരുത്തടി നവാസ്, അഡ്വ. എസ്.ആർ. രാഹുൽ, അഡ്വ. രേണു ജി.പിള്ള എന്നിവരാണ് കളക്ടറുമായി ചർച്ച നടത്തിയത്. ബാർ അസോസിയേഷന് വേണ്ടി സെക്രട്ടറി അഡ്വ. എ.കെ. മനോജ് ഹൈക്കോടതിക്ക് സമർപ്പിച്ച പരാതിയിൽ നടപടിയും ആരംഭിച്ചു.