കരുനാഗപ്പള്ളി: ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് മുതൽ ദുരിതത്തിലായതാണ് വ്യാപാര സ്ഥാപനങ്ങൾ. സർവീസ് റോഡുകൾ ഗതാഗത യോഗ്യമല്ലാത്തത് കാരണം കച്ചവട സ്ഥാപനങ്ങളിൽ ആളുകൾ വരുന്നത് കുറവായി.അതോടെ പല സ്ഥാപനങ്ങളും പൂട്ടിപ്പോകുന്ന അവസ്ഥയിലാണ്. സർവീസ് റോഡുകൾ എത്രയും വേഗം പൂർത്തീകരിച്ച് വ്യാപാരികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതീക്ഷയോടെ ഓണക്കച്ചവടം
സർവീസ് റോഡുകൾ സഞ്ചാരയോഗ്യമല്ലാത്തത് ഓണക്കച്ചവടത്തെ ബാധിക്കുമെന്ന് കച്ചവടക്കാർ ഭയപ്പെടുന്നു.
ഓച്ചിറ മുതൽ കന്നേറ്റി പാലം വരെയുള്ള സർവീസ് റോഡുകളുടെ നിർമ്മാണം എത്രയും വേഗം പൂർത്തീകരിച്ച് വ്യാപാരികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
50 ദിവസം കൊണ്ട് പണി പൂർത്തീകരിക്കും
നാല് ഷെഡ്യൂളുകളായി തിരിച്ച് 50 ദിവസം കൊണ്ട് പണികൾ പൂർത്തീകരിക്കാമെന്ന് സമിതിക്ക് അധികൃതർ ഉറപ്പു നൽകി. സമിതി നേതാക്കളായ ഏരിയാസെക്രട്ടറി എം.എസ് അരുൺ, ജില്ലാ കമ്മിറ്റിയംഗം ഷാനവാസ് ബഷീർ, ഏരിയ കമ്മിറ്റി അംഗങ്ങളായ ഷിബു കെട്ടിടത്തിൽ, മാന്നാർ കുഞ്ഞുമോൻ, ബക്കർ ലാവണ്യ, കെ.ആർ.അനിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
കെ.എസ്.ഇ.ബിയുടെ വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള കാലതാമസവും റോഡ് നിർമ്മാണ വസ്തുക്കൾ ശേഖരിക്കുന്നതിൽ പ്രദേശവാസികളും തദ്ദേശഭരണ സ്ഥാപനങ്ങളും ഉണ്ടാക്കുന്ന തടസങ്ങളും പണി പൂർത്തിയാക്കാൻ കാലതാമസം നേരിടുന്നതിന് കാരണമായി.കൂടാതെ ബിറ്റ്മിൻ ഹോട്ട് മിക്സ് പ്ലാന്റ് തുടങ്ങുന്നതിന് പ്രദേശവാസികളിൽ നിന്ന് നേരിടുന്ന എതിർപ്പും പണി പൂർത്തിയാക്കുന്നതിന് കാലതാമസം ഉണ്ടാക്കുന്നുണ്ട്.
ബിബിൻ മധു
ദേശീയപാത പ്രോജക്ട് ഡയറക്ടർ