photo
ഫുട്ബാൾ ക്യാമ്പിലെ കുട്ടികൾക്കുള്ള ജേഴ്സികൾ ഐ.ആർ.ഇ ചവറ യൂണി റ്റ് ഹെഡ് എൻ.എസ്.അജിത് ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് പന്മന മഞ്ജേഷിന് കൈമാറുന്നു

കരുനാഗപ്പള്ളി: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ നടപ്പിലാക്കുന്ന ഗ്രാസ് റൂട്ട് ഫുട്ബാൾ പദ്ധതിയുടെ ഭാഗമായി പന്മന മനയിൽ ഫുട്ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന് വന്നിരുന്ന ഫുട്ബാൾ ക്യാമ്പും ടാലന്റ് ഹണ്ട് പ്രോഗ്രാമും 28ന് സമാപിക്കും. ചവറ ഐ.ആർ.ഇ ആണ് കുട്ടികൾക്കുള്ള ജേഴ്സി നൽകുന്നത്. ഐ.ആർ.ഇ ചവറ യൂണിറ്റ് ഹെഡ് എൻ.എസ്.അജിത് പന്മന മനയിൽ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് പന്മന മഞ്ജേഷിന് ജേഴ്സികൾ കൈമാറി. ചീഫ് മാനേജർ ഭക്തദർശൻ, ഡെപ്യുട്ടി മാനേജർ അജി മേനോൻ തുടങ്ങിയവർ പങ്കെടുത്തു. ബ്രസീലിൻ സൂപ്പർ ടെയിനർ ലൂയിസ് ഗ്രേക്കോ, മുൻ ഇൻഡ്യൻ ടീം മാനേജർ സുമേഷ് സുരേന്ദ്രൻ , മുൻ സന്തോഷ് ട്രോഫി താരങ്ങളായ പി.എ.സലിം കുട്ടി അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റി സ്പോർട്സ് മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ.അജിഷ്. ടി.അലക്സ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ടെക്നിക്കൽ കമ്മിറ്റിയുടെ നിരീക്ഷണത്തിലായിരുന്നു പരിശീലന പദ്ധതി നടന്നത്. 3 മുതൽ 18 വരെ പ്രായമുള്ള ആൺകുട്ടികളും പെൺകുട്ടികളുമാണ് ഫുട്ബാൾ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുത്തത്. ഗ്രാമീണ മേഖലകളിലെ കുട്ടികളെ മികച്ച പരിശീലനം നൽകി മുഖ്യ ധാരയിലേയ്ക്ക് കൊണ്ടുവരിക എന്ന ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ നിർദ്ദേശങ്ങൾ പ്രകാരമുള്ള പരിശീലന രീതിയാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നത്. മികച്ച രീതിയിൽ പരിശീലനം പൂർത്തിയാക്കുന്നവരെ ' വിഷൻ 2030' ന്റെ ഭാഗമായുള്ള അക്കാഡമിലേയ്ക്ക് പ്രവേശനം നൽകും.