city-gas
സിറ്റി ഗ്യാസ്

കൊല്ലം: തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ സിറ്റി ഗ്യാസ് പദ്ധതിയുടെ കണക്ഷൻ കാൽ ലക്ഷം പിന്നിട്ടിട്ടും കൊല്ലത്ത് പദ്ധതിയുടെ പ്ലാന്റ് പോലും സ്ഥാപിക്കാനായില്ല. പ്ലാന്റ് സ്ഥാപിക്കാൻ ചവറയിൽ കെ.എം.എം.എല്ലിന്റെ ഉടമസ്ഥതയിലുള്ള 126 സെന്റ് ഭൂമി കരാർ കമ്പനിക്ക് വിട്ടുനൽകാൻ സർക്കാർ തീരുമാനിച്ച് അഞ്ച് മാസത്തിലേറെയായിട്ടും കരാർ ഒപ്പിടൽ വൈകുകയാണ്.

കെ.എം.എം.എൽ ആവശ്യപ്പെട്ടത് പ്രകാരം കളക്ടർ മൂന്ന് മാസം മുമ്പ് സർക്കാർ വിട്ടുനൽകാൻ നിർദ്ദേശിച്ച ഭൂമിയുടെ പാട്ടത്തുകയും നിശ്ചയിച്ച് നൽകിയിരുന്നു. പക്ഷെ കരാർ കമ്പനി കെ.എം.എം.എല്ലുമായുള്ള ധാരണാപത്രം ഒപ്പിടുന്നത് അനന്തമായി നീട്ടുകയാണ്.

ലോറിയിൽ കൊച്ചിയിൽ നിന്ന് എത്തിക്കുന്ന ദ്രാവക രൂപത്തിലുള്ള പ്രകൃതി വാതകം പൈപ്പ് ലൈൻ വഴി കടത്തിവിടാൻ വാതക രൂപത്തിലാക്കുന്ന പ്ലാന്റാണ് സ്ഥാപിക്കേണ്ടത്. ചവറ, കരുനാഗപ്പള്ളി, കുന്നത്തൂർ, കുണ്ടറ, പത്തനാപുരം, പുനലൂർ എന്നീ പ്രദേശങ്ങൾക്ക് പുറമേ ആലപ്പുഴ ജില്ലയിലെ മാവേലിക്കര, കായംകുളം പ്രദേശങ്ങളിലേക്കും ഇവിടെ നിന്നും പ്രകൃതിവാതകം എത്തിക്കാനാണ് ആലോചന. ആദ്യഘട്ടത്തിൽ ഒന്നരലക്ഷം വീടുകളിലേക്ക് പ്രകൃതിവാതകം എത്തിക്കാവുന്ന പ്ലാന്റാണ് ലക്ഷ്യമിടുന്നത്. ഭൂമി ലഭ്യമായാൽ പ്ലാന്റും പൈപ്പ് ലൈനുകളും പൂർത്തിയാക്കി പത്ത് മാസത്തിനകം പ്രകൃതിവാതക വിതരണം ആരംഭിക്കുമെന്നായിരുന്നു കമ്പനിയുടെ അവകാശവാദം.

കരാർ ഒപ്പിടൽ വൈകുന്നു

 നിയമപരമായ പരിശോധനകളിലെന്ന് കരാർ കമ്പനി

 അയൽജില്ലകളിൽ ജനപ്രതിനിധികളുടെ സമ്മർദ്ദം
 വിഭവശേഷി പൂർണമായും അവിടെ കേന്ദ്രീകരിക്കുന്നു

 ജില്ലയിൽ പ്രവർത്തനം ഏകോപിപ്പിക്കാൻ ഓഫീസില്ല

 കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ ഒരുമിച്ച് ഒരുക്കം

പദ്ധതി തുടങ്ങിയത് - 2022ൽ

തിരുവനന്തപുരത്ത് കണക്ഷൻ - 23000

ആലപ്പുഴയിൽ കണക്ഷൻ - 26000
വിലക്കുറവ് - എൽ.പി.ജിയേക്കാൾ 14 %

ഗുണങ്ങൾ

 പൈപ്പ് ലൈൻ വഴി സ്ഥിരമായി ലഭ്യമാകും
 ഉപയോഗത്തിന് അനുസരിച്ച് ചാർജ്

 സി.എൻ.ജി വാഹനങ്ങൾക്കും സ്ഥിരമായി ഇന്ധനം

 വാതകം ചോർന്നാലും അപകടമില്ല

ചവറയിൽ സർക്കാർ കൈമാറിയ കെ.എം.എം.എല്ലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തന്നെ പ്ലാന്റ് വരണമെന്നാണ് ആഗ്രഹം. അതിനുള്ള ഇടപെടൽ നടത്തും.

ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ