jankar
പെരുമൺ- പേഴുംതുരുത്ത് സർവീസിനെത്തിച്ച ജങ്കാർ

കൊല്ലം: പെരുമണിൽ നിന്ന് മൺറോത്തുരുത്തിലെ പേഴുംതുരുത്തിലേക്ക് പനയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സർവീസിനുള്ള ജങ്കാറെത്തി. കടവുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഒന്നരയാഴ്ചയ്ക്കുള്ളിൽ സർവീസ് ആരംഭിക്കാനാണ് ആലോചന.

ജങ്കാർ പല ഭാഗങ്ങളിലായി ലോറിയിൽ എത്തിക്കാനായിരുന്നു നേരത്തെ ആലോചന. ഇങ്ങനെ എത്തിക്കുമ്പോൾ വീണ്ടും ഘടിപ്പിക്കാൻ ഒരാഴ്ചയോളം വേണ്ടിവരും. എന്നാൽ കൊല്ലത്തേക്ക് ജലമാർഗമുള്ള വരവിന് തടസമായുള്ള തൃക്കുന്നപ്പുഴയിലെ താത്കാലിക പാലം ഞായറാഴ്ച തുറന്നുകിട്ടി. ഇതോടെ ജലമാർഗം ജങ്കാർ എത്തിക്കുകയായിരുന്നു. നിലവിൽ ചേർത്തലയിൽ എരമല്ലൂർ-കുടപുറം സർവീസ് നടത്തിക്കൊണ്ടിരുന്ന ജങ്കാറാണ് എത്തിച്ചിരിക്കുന്നത്. ഇതിൽ ഒരേസമയം 25 യാത്രക്കാർക്ക് പുറമേ 20 ഇരുചക്രവാഹനങ്ങളും നാല് കാറുകളും മൂന്ന് ഓട്ടോറിക്ഷകളും കയറ്റാം.

നേരത്തെ മൺറോത്തുരുത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന ജങ്കാർ സർവീസ് ഒരു വർഷം മുമ്പ് നിലച്ച സാഹചര്യത്തിലാണ് പനയം പഞ്ചായത്ത് സർവീസ് നടത്താൻ തീരുമാനിച്ചത്.

ഒന്നരയാഴ്ചയ്‌ക്കുള്ളിൽ സർവീസ്

 കടവുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണം

 ഇതിന് ശേഷം ജങ്കാർ സർവീസ് ആരംഭിക്കും

 40 ടൺ ഭാരം വഹിക്കാനുള്ള ശേഷി

 രാവിലെ 7 മുതൽ രത്രി 8 വരെ സർവീസ്

 സ്രാങ്ക് ഉൾപ്പടെ നാല് ജീവനക്കാർ

ടിക്കറ്റ് നിരക്ക്

യാത്രക്കാർക്ക് ₹ 10
സൈക്കിൾ ₹ 15
ബൈക്ക് ₹ 20

ഓട്ടോ(കാലി) ₹ 30
പെട്ടി ഓട്ടോ ₹ 40
കാർ (7 സീറ്റ്) ₹ 70
കാർ (5 സീറ്റ്) ₹ 60
എയ്സ് കാലി ₹ 80
എയ്സ് ലോഡ് ₹ 120
ടെമ്പോ ട്രാവലർ ₹ 110
വിദ്യാർത്ഥികൾക്ക്: സൗജന്യം

സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടർ ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. അടുത്ത വ്യാഴാഴ്ച സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

കെ. രാജശേഖരൻ, പ്രസിഡന്റ്, പനയം പഞ്ചായത്ത്