പരവൂർ: പരവൂരിൽ ചേർന്ന ഗുരുധർമ്മ പ്രചരണ സഭ യോഗം ചിങ്ങം ഒന്നു മുതൽ ശ്രീനാരായണ മാസമായും തുടർന്ന് ഗുരുദേവ സമാധി, സ്വാമി ബോധാനന്ദ സമാധി ദിനം ഉൾപ്പെടെ 39 ദിവസം ശ്രീനാരായണ സമൂഹം വ്രതാനുഷ്‌ഠാനവും ധർമ്മചര്യയും ആചരിക്കാനും തീരുമാനിച്ചു.
ഈ കാലയളവിൽ പരവൂരിലെ 10 കേന്ദ്രങ്ങളിൽ എസ്.എൻ.ഡി.പി യോഗം ശാഖകളുടെയും വിവിധ സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെ ഗുരുദേവകൃതികളുടെ പാരായണം, പ്രഭാഷണം, ഗുരുപൂജ പ്രസാദ വിതരണം എന്നിവ നടത്തും.
പ്രാർത്ഥന സമ്മേളനം രക്ഷാധികാരി പി.എസ്. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ. പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി. അനിൽ സ്വാഗതം പറഞ്ഞു. മാതൃ സംരക്ഷണാധികാരി ശ്രീജ മുഖ്യപ്രഭാഷണം നടത്തി. ചാത്തന്നൂർ നിയോജകമണ്ഡലം സെക്രട്ടറി ആർ. ഷാജികുമാർ, രാജേന്ദ്രൻ, ശരവണൻ, സുജ ഉണ്ണിക്കൃഷ്‌ണൻ, കെ. രാജൻ, എൽ. ലീല, ജി. ലതിക എന്നിവർ സംസാരിച്ചു.