കൊല്ലം: അഷ്ടമുടി കായൽ ഏക്കറുകളോളം കൈയേറിയതായി കൈയേറ്രകാരുടെ പേരും അളവും സഹിതം ഹൈക്കോടതിയിൽ ഇടക്കാല റിപ്പോർട്ട് നൽകി. ആറുമാസത്തിനുള്ളിൽ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ സബ് കളർക്ക് ചുമതല നൽകി ഹൈക്കോടതി ഉത്തരവിട്ടു.
കൊല്ലം ബാറിലെ അഭിഭാഷകനായ ബോറിസ് പോൾ ഫയൽ ചെയ്ത ഹർജിയിലാണ് കോടതി ഇടപെടൽ. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇടക്കാല റിപ്പോർട്ടിലുള്ളതെന്ന് ഹൈക്കോടതി വ്യക്തമാക്കി. സർവേ പൂർത്തിയാക്കാൻ സാധിച്ചില്ലിട്ടില്ലെന്നും അത്യാധുനിക സർവേ ഉപകരണങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണെന്നും ഇനിയും വൻ കൈയേറ്റങ്ങൾ കണ്ടെത്താനുണ്ടെന്നും അറിയിച്ച സബ് കളക്ടർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. പൂർണമായ റിപ്പോർട്ടിന് കൂടുതൽ സമയവും ആവശ്യപ്പെട്ടു.
അടുത്തമാസം ആറിന് മുമ്പ് റിപ്പോർട്ടുകൾ സമർപ്പിക്കണമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് എസ്.മനുവും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. അഭിഭാഷകരായ അഡ്വ. അജ്മൽ കരുനാഗപ്പള്ളി, അഡ്വ. ധനുഷ് ചിറ്റൂർ, അഡ്വ. എം.ആർ.പ്രിയങ്ക ശർമ്മ, അഡ്വ.എം.ജി.അനന്യ എന്നിവർ ഹർജിക്കാരന് വേണ്ടി ഹാജരായി.
ഞെട്ടിക്കുന്ന വിവരങ്ങളെന്ന് ഹൈക്കോടതി
സബ് കളക്ടർ നൽകിയത് 250 കൈയേറ്റക്കാരുടെ പട്ടിക
കണ്ടെത്തിയത് പത്ത് വില്ലേജുകളിലേത്
പരിശോധന ഇനിയും ബാക്കി
സബ് കളക്ടറുടെ റിപ്പോർട്ട് കോടതി ഉത്തരവിന്റെ ഭാഗം
ഒഴിപ്പിക്കൽ സംബന്ധിച്ച് ഓരോ മാസവും അക്ഷൻ ടേക്കൺ റിപ്പോർട്ട്
മലിനീകരണം തടയുന്നതിനും ആക്ഷൻ ടേക്കൺ റിപ്പോർട്ട്
കണ്ടെത്തിയ കൈയേറ്റം
കൊല്ലം ഈസ്റ്റ്- 50
കൊല്ലം വെസ്റ്റ്- 11
ശക്തികുളങ്ങര-9
തൃക്കടവൂർ-24
തൃക്കരുവ-33
പനയം- 38
പെരിനാട്- 1
മുളവന-63
തെക്കുംഭാഗം- 4
കായലിലേയ്ക്ക് മാലിന്യം എത്തുന്നത് കൊല്ലം കോർപ്പറേഷനും പഞ്ചായത്തുകളും തടയണം. നിയമലംഘകർക്കെതിരെ സർക്കാർ ഉത്തരവ് പ്രകാരം നിയമനടപടി സ്വീകരിക്കണം.
ഹൈക്കോടതി