കൊല്ലം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് നഷ്ടപരിഹാരവും പലിശയും കോടതിച്ചെലവും സഹിതം 73 ലക്ഷം രൂപ നൽകാൻ എം.എ.സി.ടി കോടതി ജഡ്ജി എസ്.സുഭാഷ് ഉത്തരവിട്ടു. നീണ്ടകര പുത്തൻതുറ ഘോഷ് ഭവനിൽ ദിവ്യാദത്തിന് ഇൻഷ്വറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവ്.

2018 സെപ്തംബർ 15നായിരുന്നു സംഭവം. മത്സ്യത്തൊഴിലാളിയായ ദിവ്യാദത്ത് സ്കൂട്ടറിൽ യാത്ര ചെയ്യവേ നീണ്ടകര പരിമണം ജംഗ്ഷനിൽ വച്ച് അമിതവേഗത്തിൽ എതിർദിശയിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ഏറെക്കാലം ചികിത്സയിലായിരുന്നു. അപകടത്തിലുണ്ടായ പരിക്കുകൾ ജോലി ചെയ്ത് ജീവിക്കാനാകാത്ത സാഹചര്യവും സൃഷ്ടിച്ചു. ഇത് കണക്കിലെടുത്താണ് കോടതി വിധി. കേസിൽ ഹർജിക്കാരിക്ക് വേണ്ടി അഭിഭാഷകരായ ഷാജി.എസ്.പള്ളിപ്പാടൻ, മുഖത്തല സി.ഗിരീഷ്, എന്നിവർ ഹാജരായി.