കൊല്ലം: കർക്കടകവാവ് ബലിതർപ്പണത്തിന് പതിനായിരങ്ങളെത്തുന്ന മുണ്ടയ്ക്കൽ പാപനാശനം തീരത്തേക്കുള്ള ഇരവിപുരം ബീച്ച് റോഡ് വേഗത്തിൽ നവീകരിക്കാൻ കളക്ടർ നിർദ്ദേശം നൽകി. ഇന്നലെ ബലിതർപ്പണ ഒരുക്കങ്ങൾ വിലയിരുത്താൻ കളക്ടർ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.
ഇരവിപുരം മുതൽ പാപനാശനം വരെ കോർപ്പറേഷനും പാപനാശനം മുതൽ ബീച്ച് വരെ കേരള റോഡ് ഫണ്ട് ബോർഡും (കെ.ആർ.എഫ്.ബി) നവീകരിക്കാനാണ് നിർദ്ദേശം. ഈമാസം 3ന് ചേർന്ന യോഗത്തിൽ റോഡിന്റെ ദുരവസ്ഥ മുണ്ടയ്ക്കൽ ഗുരുദേവമന്ദിരം കമ്മിറ്റി ഭാരവാഹികൾ ചൂണ്ടിക്കാട്ടിയിരുന്നു. റോഡ് അറ്റകുറ്റപ്പണി നടത്താൻ അന്ന് കളക്ടർ നിർദ്ദേശിച്ചെങ്കിലും റോഡിന്റെ ഉടമസ്ഥതയെ ചൊല്ലിയുള്ള തർക്കം കാരണം ആരും ഏറ്റെടുത്തില്ല. ഇന്നലെ ചേർന്ന യോഗത്തിൽ വീണ്ടും പ്രശ്നം ഉന്നയിച്ചതോടെയാണ് അടിയന്തിര നിർദ്ദേശമുണ്ടായത്. ഇരവിപുരം- ബീച്ച് റോഡിൽ കാൽനടയാത്ര പോലും അസാദ്ധ്യമായ തരത്തിൽ തകർന്ന് തരിപ്പണമായി കിടക്കുകയാണ്.