കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം ചങ്ങൻകുളങ്ങര 487-ം നമ്പർ ശാഖയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശാരദാ മഠത്തിൽ നിന്ന് മോഷണം പോയ വിളക്കുകൾ കണ്ടെത്തുകയും മോഷ്ടാക്കളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലനും സെക്രട്ടറി എ.സോമരാജനും പൊലീസ് അധികൃതരോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് മോഷണം നടന്നത്. ഗുരു ക്ഷേത്രത്തിന്റെ കതക് പൊളിച്ചാണ് നിലവിളക്കുകൾ കവർന്നത്. രാവിലെ ഗുരുക്ഷേതത്തിൽ എത്തിയ ഭക്തരാണ് മോഷണം നടന്ന വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് പൊലീസും വിരലടയാള വിദഗ്ധരും എത്തി അന്വേഷണം നടത്തി. മോഷണം നടത്തുന്നതിന്റെ ദൃശ്യം സി.സി.ടി.വി കാമറയിൽ തെളിഞ്ഞിട്ടുണ്ട്. അന്വേഷണം ഊർജ്ജിതപ്പെടുത്തി മോഷ്ടാക്കളെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു.