കൊല്ലം: ക്ഷേത്രത്തിലെ വിളക്ക് മോഷ്ടിച്ച കേസിൽ ദമ്പതികൾ പിടിയിൽ. തിരുവനന്തപുരം പെരുമാതുറ വലിയവിളാകം വീട്ടിൽ സലീം (48), ഭാര്യ ഹസീന (45) എന്നിവരാണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.

ജനുവരിയിൽ കരിങ്കുളത്തെ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി ഏഴ് വിളക്കുകൾ മോഷ്ടിച്ചുവെന്നാണ് കേസ്. വിളക്കുകൾ മോഷണം പോയത് മനസിലാക്കിയ ക്ഷേത്ര സെക്രട്ടറി പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരുനവനന്തപുരത്ത് നിന്ന് പിടികൂടുകയായിരുന്നു. കിളികൊല്ലൂർ ഇൻസ്‌പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐ സുധീർ, എ.എസ്.ഐ ജിജു, സി.പി.ഒമാരായ സാജ്, ശാന്തിനി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.