kotta

കൊല്ലം: തേവള്ളി കോട്ടയത്തുകടവിൽ നിന്ന് കുരീപ്പുഴ പാണാമുക്കത്തേക്ക് പാലം നിർമ്മിക്കാനുള്ള പഠനത്തിനും മണ്ണ് പരിശോധനയ്ക്കും 23 ലക്ഷം അനുവദിച്ചു. പാലം യാഥാർത്ഥ്യമായാൽ ദേശീയപാത 66ലെ കുരീപ്പുഴ ഭാഗത്ത് നിന്ന് നേരിട്ട് നഗരത്തിലെത്താം.

കുരീപ്പുഴയിലേക്ക് കോട്ടയത്തുകടവിൽ നിന്ന് കടത്ത് സർവീസും ജലഗതാഗത വകുപ്പിന്റെ കൊല്ലം ഡിപ്പോയിൽ നിന്ന് ബോട്ട് സർവീസുമുണ്ട്. കൊല്ലം നഗരത്തോട് ചേർന്നുകിടക്കുന്ന പ്രദേശമാണെങ്കിലും നേരിട്ട് റോഡില്ലാത്തതിനാൽ കുരീപ്പുഴയിലെത്താൻ മുക്കാൽ മണിക്കൂറോളം ചുറ്റണം. ബോട്ട് സർവീസ് ഇടയ്ക്കിടെ മുടങ്ങുന്നതിനാൽ കുരീപ്പുഴക്കാർ നട്ടംതിരിയുകയാണ്. പുതിയ പാലം വരുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും.
കൊല്ലം - തേനി ദേശീയപാതയിൽ നിന്ന് 300 മീറ്റർ നീളത്തിൽ പുതിയ പാലത്തിലേക്ക് 7.5 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കും. പാണാമുക്കത്ത് പാലം എത്തിച്ചേരുന്നിടത്ത് നിന്ന് പഴയ കുരീപ്പുഴ ടോൾ പ്ലാസയ്ക്ക് അടുത്ത് ദേശീയപാത 66ൽ എത്തിച്ചേരാൻ 1.9 കിലോമീറ്ററുണ്ട്. ഇവിടെ പാലത്തിൽ നിന്ന് അരകിലോമീറ്റർ നീളത്തിൽ 7.5 മീറ്റർ വീതിയിൽ റോഡിന്റെ വീതി കൂട്ടും.

കുരീപ്പുഴയിൽ നിന്ന് നേരിട്ട് നഗരത്തിലെത്താം

 പാലം ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം

 15 വർഷം മുമ്പ് പ്രാഥമിക പരിശോധനയ്ക്ക് പണം അനുവദിച്ചു

 പിന്നീട് തുടർ നടപടികളുണ്ടായില്ല

 ഇപ്പോഴത്തെ പാലത്തിന് 550 മീറ്റർ നീളം
 11 മീറ്റർ വീതി
 ഇരുവശങ്ങളിലും നടപ്പാത

ആകെ ചെലവ്

₹ 65 കോടി

നിർമ്മാണത്തിന്

₹ 60 കോടി


സ്ഥലമേറ്റെടുപ്പിന്

₹ 5 കോടി

ഇൻവെസ്റ്റിഗേഷനും മണ്ണ് പരിശോധനയും പൂർത്തിയായ ശേഷം ഡി.പി.ആറും ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കി മൂന്ന് മാസത്തിനകം ഭരണാനുമതിക്ക് സമർപ്പിക്കും

എം.പി. വിഷ്ണു, പൊതുമരാമത്ത് വകുപ്പ് അസി. എൻജിനിയർ