മൺറോത്തുരുത്ത്: വെള്ളക്കെട്ടൊഴിയാത്ത മൺറോത്തുരുത്ത് പഞ്ചായത്തിൽ പൊതുശ്മശാനമില്ലാത്തത് നിർദ്ധന കുടുംബങ്ങളെ ഉൾപ്പെടെ വല്ലാതെ വലയ്ക്കുന്നു. സംസ്കാര ചടങ്ങുകൾ നടത്താനാവാത്ത വിധം പ്രതിസന്ധിയുണ്ടായ ഘട്ടങ്ങൾ നിരവധിയാണ്.
13 വാർഡുകളുള്ള മൺറോത്തുരുത്തിൽ എട്ടോളം വലിയ ദ്വീപുകളും അനേകം ചെറു ദ്വീപുകളുമുണ്ട്. പകുതിയിലധികം പ്രദേശങ്ങളും വേലിയേറ്റത്തിൽ മുങ്ങുന്നവയാണ്. ഈ പ്രദേശങ്ങളിലാണ് നിർദ്ധനരായ കുടുംബങ്ങൾ കൂടുതലായും താമസിക്കുന്നത്. വേലിയേറ്റമായാലും മഴയായാലും വീടിനുചുറ്റും വെള്ളം കെട്ടിക്കിടക്കും. ഇവിടത്തെ കുടുംബങ്ങളിൽ ഒരു മരണം സംഭവിച്ചാൽ സംസ്കാരം നടത്തണമെങ്കിൽ അകലെയുള്ള ഏതെങ്കിലും ബന്ധുക്കൾ സ്ഥലം നൽകി സഹായിക്കണം. മൺറോത്തുരുത്തിൽ പൊതു ശ്മശാനമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നാല് പതിറ്റാണ്ട് മുൻപ് ഇതിനായി ഗ്രാമപഞ്ചായത്ത് നെന്മേനി തെക്ക് വാർഡിൽ ഒരേക്കറോളം സ്ഥലം വാങ്ങിയിരുന്നു. ഈ സ്ഥലം പിന്നീട് വെള്ളത്തിലായി. ഇവിടേക്ക് റോഡും ഉണ്ടായിരുന്നില്ല. 2011- 12 കാലയളവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശോഭ ആവശ്യപ്പെട്ടതുസരിച്ച്, രാജ്യസഭാംഗം വയലാർ രവി അനുവദിച്ചു തന്ന 15 ലക്ഷം ചെലവിട്ട് ഇവിടേക്ക് റോഡ് നിർമ്മിക്കുകയും സർക്കാരിനോട് ശ്മശാനത്തിനുള്ള ഫണ്ട് ആവശ്യപ്പെടുകയും ചെയ്തു. ഫണ്ട് ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കവേ, പഞ്ചായത്ത് ഭരണസമിതി മാറി. തുടർന്നു വന്നവർ ശ്മശാന നിർമ്മാണം അവഗണിച്ചു!
ഇടപെട്ട് ജനറൽ സെക്രട്ടറിയും
മൺറോത്തുരുത്തിൽ ശ്മശാനം ഇല്ലാത്ത ദുരവസ്ഥ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പങ്കെടുത്ത, എസ്.എൻ.ഡി.പി യോഗം മംഗളോദയം ശാഖയുടെ സമർപ്പണ വേദിയിൽ ഉന്നയിക്കപ്പെട്ടു. അദ്ദേഹം ആ വേദിയിലുണ്ടായിരുന്ന എം.പിയോടും എം.എൽ.എയോടും വിഷയം ഉന്നയിച്ചു. ഒടുവിൽ ജനറൽ സെക്രട്ടറിതന്നെ തന്നെ കുണ്ടറ യൂണിയനെ ശ്മശാനം നിർമ്മാണത്തിന് ചുമതലപ്പെടുത്തി. യൂണിയൻ തയ്യാറാക്കിയ ആറരലക്ഷം രൂപ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ, ശ്മശാനത്തിനുള്ള സ്ഥലം മണ്ണിട്ട് ഉയർത്തി പ്ളാറ്റ്ഫോമും ഷെഡും നിർമ്മിച്ച് സംസ്കാരം നടത്താനുള്ള ക്രമീകരണത്തിന് ഗ്രാമ പഞ്ചായത്തിനെ സമീപിച്ചു. പക്ഷേ, പഞ്ചായത്ത് അനുമതി നൽകിയില്ല.
പഞ്ചായത്തിന്റെ നിലപാട് തികച്ചും പ്രതിഷേധാർഹമാണ്. എം.പിയോ, എം.എൽ.എയോ, ഗ്രാമ പഞ്ചായത്തോ ഫണ്ട് അനുവദിച്ചു ശ്മശാനം നിർമ്മിക്കണം. അല്ലങ്കിൽ എസ്.എൻ.ഡി.പി യോഗത്തിന് നിർമ്മാണ അനുമതി നൽകണം. ഭൂരിപക്ഷവും പിന്നാക്ക സമുദായങ്ങൾ നിറഞ്ഞ ഈ പ്രദേശത്തോടുള്ള അധികാരികളുടെ അവഗണന യോഗം കൈയും കെട്ടി നോക്കിനിൽക്കില്ല
അഡ്വ.അനിൽകുമാർ, എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ സെക്രട്ടറി