കൊല്ലം: ജില്ലയിലെ അഞ്ച് നഗരസഭകളിലും അമൃത് 2 പദ്ധതി നടത്തിപ്പ് മുടന്തുന്നു. കോർപ്പറേഷനുകൾ കൂടി ഉൾപ്പെടുന്ന ജില്ലകളുടെ വിഭാഗത്തിൽ പദ്ധതി നടത്തിപ്പിൽ ഏറ്രവും പിന്നിലാണ് കൊല്ലം.

ജില്ലയിൽ അമൃത്-2ന്റെ ആദ്യഘട്ടത്തിൽ 274.37 കോടി രൂപയുടെ പദ്ധതികൾക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. ഇതിൽ 10.78 കോടി രൂപ മാത്രമാണ് ഇതുവരെ ചെലവിട്ടത്.

കൊല്ലം കോർപ്പറേഷനിൽ 18 കുളങ്ങളുടെ നവീകരണത്തിന് ഒരു വർഷം മുമ്പ് കരാറായിരുന്നു. മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കാവുന്ന പദ്ധതിയിൽ മൂന്നെണ്ണം മാത്രമാണ് പൂർത്തിയായത്. ബാക്കി 15 എണ്ണം ആരംഭിച്ചിട്ട് പോലുമില്ല. പൈപ്പ് ലൈൻ സ്ഥാപിക്കാൻ ദേശീയപാത അതോറിറ്റിയിൽ നിന്ന് അനുമതി ലഭിക്കാത്തതും പദ്ധതി പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ ഈമാസം 12 വരെ നയാപൈസയുടെ പദ്ധതി പോലും പൂർത്തിയാക്കിയിട്ടില്ല. 2021 ഒക്ടോബറിലാണ് കേന്ദ്ര സർക്കാർ അമൃത്-2 പദ്ധതിക്ക് തുടക്കം കുറിച്ചത്. 2022 ഫെബ്രുവരിയിൽ സംസ്ഥാനത്ത് ആദ്യഘട്ടത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയതാണ്.

ഉദ്യോഗസ്ഥ മെല്ലപ്പോക്ക് ഇഴയിച്ചു

 വാട്ടർ അതോറിട്ടിയിലെയും നഗരസഭകളിലെ എൻജിനിയറിംഗ് വിഭാഗത്തിലെയും ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കാണ് പദ്ധതി ഇഴയിക്കുന്നത്

 സ്വപ്നം എല്ലാ വീടുകൾക്കും കുടിവെള്ള കണക്ഷൻ
 തിരഞ്ഞെടുക്കപ്പെട്ട വാർഡുകളിൽ 24 മണിക്കൂറും കുടിവെള്ളം

 കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റുകൾ

 ജലാശയങ്ങളുടെ പുനരുദ്ധാരണം
 പാർക്ക് നവീകരണം

പദ്ധതി ഇതുവരെ

പ്രധാന പദ്ധതികൾ- 49
ഭരണാനുമതി ലഭിച്ച തുക ₹ 274.37 കോടി
സാങ്കേതിക അനുമതി ₹ 236.99 കോടി

ടെണ്ടർ ചെയ്തത് ₹ 184.18 കോടി

കരാറായത് ₹ 90.79 കോടി

ചെലവഴിച്ചത് ₹ 10.78 കോടി

നഗരസഭയും പദ്ധതി ചെലവും (കോടിയിൽ)

കരുനാഗപ്പള്ളി ₹ 00.00

കൊല്ലം കോർപ്പറേഷൻ ₹ 2.67
കൊട്ടാരക്കര ₹ 00.04
പരവൂർ ₹ 05.92

പുനലൂർ ₹ 02.16