ഓടനാവട്ടം: പരുത്തിയറ -കോണത്ത് മുക്ക് റോഡ് കണ്ടാൽ കഷ്ടം തോന്നും. റോഡിന്റേതെന്ന് തോന്നിപ്പിക്കുന്ന അടയാളങ്ങളൊന്നും ബാക്കിയില്ല. ഈവിധം തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായിട്ടും ഒരു ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ല. ധാരാളം വാഹനങ്ങളും മറ്റുയാത്രക്കാരും കടന്നുപോകാനുള്ള പ്രധാന റോഡാണിത്. പ്രക്ഷോഭങ്ങളും പരാതികളും ധാരാളം ഉണ്ടായിട്ടും റോഡിന്റെ അവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല.
കുണ്ടും കുഴികളും നിറഞ്ഞ്
ടെണ്ടർ തുക വർദ്ധിപ്പിക്കാതെ രക്ഷയില്ല
പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം ടെണ്ടർ നടത്തി കരാർ ഉറപ്പിച്ച് ഒരുവർഷം മുൻപ് റോഡ് പണി ആരംഭിച്ചിരുന്നതാണ്. എന്നാൽ അത് തുടർന്നില്ല. ടെണ്ടർ തുക വർദ്ധിപ്പിക്കാതെ പണി തുടരാൻ കഴിയില്ലെന്നാണ് കരാറുകാരുടെ നിലപാട്. റീ -ടെണ്ടർ നടത്തിയോ, മറ്റ് നടപടികൾ സ്വീകരിച്ചോ റോഡ് നവീകരിച്ച് ഗതാഗത യോഗ്യ മാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
രണ്ട് വർഷത്തിലധികമാകുന്നു ഈ റോഡ് തകർന്നു കിടപ്പായിട്ട്. വിദ്യാർത്ഥികളുടെയും രോഗികളും വളരെ പ്രയാസപ്പെട്ടാണ് ഇതുവഴി യാത്ര ചെയ്യുന്നത്. എം.പി ഫണ്ട് അനുവദിച്ചിട്ടും കരാർ നൽകിയിട്ടും നടപടി എടുക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
എം. കുഞ്ഞച്ചൻ പരുത്തിയറ
പ്രസിഡന്റ്
പരുത്തിയറ മഹാത്മാ പുരുഷ സഹായ സംഘം
എന്റെ വീട്ടിലേക്കുള്ള ഏക മാർഗം ഈ റോഡാണ് .വർഷങ്ങളായി ഇവിടെ മെയിന്റ്നൻസ് നടക്കുന്നില്ല. അതിനാൽ റോഡ് ആകെ തകർന്ന അവസ്ഥയിലാണ്. ഈയിടെ എനിക്ക് മേജർ സർജറി കഴിഞ്ഞ് ഈ റോഡുവഴി കടന്നു വന്നതിന്റെ ഫലമായി വീണ്ടും ആശുപത്രിയിലാകേണ്ട അവസ്ഥയുണ്ടായി. കേന്ദ്രം ഈ റോഡിന് ഫണ്ട് അനുവദിച്ചതാണ്. ടെണ്ടറും നൽകി. എന്നാൽ പണി ആരംഭിച്ചുവെങ്കിലും തുടർന്നില്ല. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ അടിയന്തര ഇടപെടൽ ഉണ്ടാകണം.
എസ്. രാജു (ഗവ.കോൺട്രാക്ടർ )
എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ കൗൺസിലർ