crash-barrier
കോഴിക്കോടൻമുക്ക് പൊരീക്കൽ റോഡിൽ പുത്തൻവീട്ടിൽ പാലം വളവിൽ ക്രാഷ് ബാരിയർ മൂടി വളർന്ന കുറ്റിച്ചെടികൾ.

എഴുകോൺ : പാങ്ങോട് ശിവഗിരി സംസ്ഥാന പാതയിൽ കോഴിക്കോടൻ മുക്ക് മുതൽ പൊരീക്കൽ വരെ റോഡിന്റെ ഓരമാകെ കാടു മൂടിയ നിലയിൽ. കോഴിക്കോടൻ മുക്കിൽ നിന്ന് പൊരീക്കലിലേക്ക് എത്തുന്നതിനിടെ നാലോളം സ്ഥലത്ത് ജലവിതരണ പൈപ്പ് ചോർന്ന് റോഡിലൂടെ വെള്ളം ഒഴുകുന്നുമുണ്ട്. പുത്തൂർ ചീരങ്കാവ് എഴുകോൺ നെടുമൺകാവ് വഴി ചാത്തന്നൂരിലേക്ക് എത്തുന്ന തിരക്കേറിയ പാതയാണിത്. പുത്തൂർ,പവിത്രേശ്വരം, പൊരീക്കൽ മേഖലകളിലുള്ളവർ ദേശീയപാതയിലെത്തി കൊല്ലത്തേക്ക് പോകാനും ഈ പാതയെ ആണ് ആശ്രയിക്കുന്നത്.

കാഴ്ച മറച്ച് കാട്

സംസ്ഥാന പാതയുടെ വശങ്ങളിലെ റോഡ് സൂചകങ്ങളായ വരകൾ മറച്ച് കുറ്റിച്ചെടികളും പുല്ലും വളർന്നിട്ടുണ്ട്. പല സ്ഥലത്തും മറ്റ് സിഗ്നൽ ബോർഡുകളുടെ കാഴ്ചകളും മറയുന്ന വിധമാണ് പാഴ്ച്ചെടികൾ പടർന്നിട്ടുള്ളത്. അപകടകരമായ വളവുകളിലും മറ്റുമുള്ള ക്രാഷ്ബാരിയറുകളും വാഹന യാത്രികർക്ക് കാണാനാകാത്ത വിധമാണിത്. പുത്തൻവീട്ടിൽ പാലത്തിന് സമീപത്തുള്ള വളവിൽ ക്രാഷ്ബാരിയറാകെ കുറ്റിക്കാട്ടിൽ അകപ്പെട്ട് കാണാനാകാത്ത നിലയിലാണ്. വലിയ വാഹനങ്ങൾ എത്തിയാൽ കുട്ടികളടക്കമുള്ള കാൽനടക്കാർക്ക് ഇവിടെ വഴിയൊഴിഞ്ഞ് നിൽക്കാനാകില്ല .വഴിയോരത്തെ ഓടകളും കാണാനാകില്ല. ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപെടാനും ഇത് കാരണമാകുന്നുണ്ട്.

വൃത്തിയാക്കലും കരാറിന്റെ ഭാഗം

സംസ്ഥാന പാത എന്ന നിലയിൽ ഉന്നത നിലവാരത്തിൽ പണിഞ്ഞ റോഡാണിത്. അറ്റകുറ്റ പണിയും പാതയോരങ്ങൾ തെളിച്ചുള്ള വൃത്തിയാക്കലും നിർമ്മാണ കരാറിന്റെ ഭാഗമാണ്. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി ഈ പാതയിൽ ഇതൊന്നും നടക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്.