കൊല്ലം: കേന്ദ്ര ബഡ്‌ജറ്റിലെ അവഗണനയ്ക്കെതിരെ ബഹുജന പ്രക്ഷോഭങ്ങൾക്ക് ജില്ലയിൽ സി.പി.ഐ നേതൃത്വം നൽകുമെന്ന് ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എ. ജനങ്ങൾക്ക് ഉപകാരപ്രദമായ യാതൊരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. കോർപ്പറേറ്റുകൾക്ക് അനുകൂലമായ പ്രഖ്യാപനങ്ങളാണ് ഉണ്ടായിട്ടുള്ളത്. കോർപ്പറേറ്റ് നികുതി 5 ശതമാനം കുറച്ചുനൽകിയ ബി.ജെ.പി സർക്കാർ കർഷകർക്ക് നൽകുന്ന വളം സബ്‌സിഡി വെട്ടിക്കുറച്ചും തൊഴിലുറുപ്പ് വിഹിതം വെട്ടിക്കുറച്ചും, നികുതി വർദ്ധിപ്പിച്ചും സാധാരണക്കാരെ വെല്ലുവിളിക്കുകയാണ്.

മൂന്നാം ബി.ജെ.പി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ തന്നെ രാജ്യത്തെ യുവജനങ്ങളെയും പാവപ്പെട്ടവരെയും വഞ്ചിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. കേരളം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ് ഉൾപ്പടെയുള്ളവ പരിഗണിക്കാതെ സംസ്ഥാനങ്ങൾക്കിടയിൽ വിവേചനപരമായ സമീപനമാണ് സ്വീകരിക്കുന്നത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന ബഹുജന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 2ന് ജില്ലാ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തും.