കൊല്ലം: നമ്പർ പ്ലേറ്റിൽ പൊലീസിന് തോന്നിയ സംശയത്തിൽ ബൈക്ക് മോഷ്ടാവ് പിടിയിൽ. മയ്യനാട് ധവളക്കുഴി ഷഹീർ മൻസിലിൽ സുധീറാണ് (42) പിടിയിലായത്. മൻസൂർ എന്നയാളുടെ പക്കൽ നിന്ന് സാധനങ്ങളെടുത്ത് ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ വീടുകളിലും മറ്റും എത്തിച്ച് വില്പന നടത്തുന്ന ആളായിരുന്നു സുധീർ. എന്നാൽ വീടുകളിൽ നിന്ന് കിട്ടുന്ന പണം ഇയാൾ മൻസൂറിനെ ഏൽപ്പിച്ചിരുന്നില്ല. ഇതുകാണിച്ച് മൻസൂർ സുധീറിനെതിരെ പരാതിയുമായ് ഇരവിപുരം പൊലീസ് സ്റ്റേഷനിലെത്തി. തിങ്കളാഴ്ച സുധീറിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ബൈക്കിലാണ് സുധീർ എത്തിയത്. നമ്പർ പ്ലേറ്റിൽ അവ്യക്തത തോന്നിയതിനാൽ ഇരവിപുരം എസ്.ഐ ഉമേഷ് നടത്തിയ പരിശോധനയിൽ ബൈക്കിൽ വ്യാജ നമ്പരാണെന്ന് കണ്ടെത്തി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് ചവറ പൊലീസിന് കൈമാറി. ചവറ സബ് ഇൻസ്‌പെക്ടർ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.