kunnathoor-
പോരുവഴി പഞ്ചായത്തിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കാത്ത ആരോഗ്യ വകുപ്പിന്റെ നടപടിക്കെതിരെയുള്ള പ്രതിഷേധം ബിജെപി പ്രതിനിധികൾ രേഖാമൂലം സെക്രട്ടറിക്ക് കൈമാറുന്നു

കുന്നത്തൂർ: പോരുവഴി പഞ്ചായത്തിൽ ഡെങ്കിപനി വ്യാപകമായിട്ടും രോഗപ്രതിരോധ പ്രവർത്തനങ്ങളോട് പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് അധികൃതർ സഹകരിക്കുന്നില്ലെന്ന് ആക്ഷേപം. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും മരണം സംഭവിച്ചിട്ടുള്ളതുമായ പഞ്ചായത്താണ് പോരുവഴി.

ച‌ർച്ചയിൽ പങ്കെടുക്കാതെ ഉദ്യോഗസ്ഥ‌ർ

പോരുവഴി ഗ്രാമപഞ്ചായത്തിലെ ആരോഗ്യ പ്രവർത്തനങ്ങളെക്കുറിച്ചും ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിന് വിളിച്ചു ചേർത്ത യോഗത്തിൽ മെഡിക്കൽ ഓഫീസറും ഹെൽത്ത് ഇൻസ്പെക്ടറും പങ്കെടുത്തില്ലെന്നാണ് പരാതി.

യോഗത്തിൽ പങ്കെടുക്കണമെന്ന് കാട്ടി മെഡിക്കൽ ഓഫീസർക്കും എച്ച്.ഐക്കും കത്ത് നൽകിയിരുന്നു. എന്നാൽ വിശദീകണം പോലും നൽകാതെ യോഗത്തിൽ നിന്ന് ഉദ്യോഗസ്ഥർ വിട്ട് നിൽക്കുകയായിരുന്നുവത്രേ.

പഞ്ചായത്തിന്റെ രോഗപ്രതിരോധ പ്രവർത്തനങ്ങളോട് ഉദ്യോഗസ്ഥർ സഹകരിക്കുന്നില്ല. ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥർ ജനപ്രതിനിധികളോട് പോലും ആഘോചിക്കാതെ ഏകാധിപത്യ നിലപാടുകളാണ് സ്വീകരിക്കുന്നത്.

രാജേഷ് വരവിള

ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ